ബഹിഷ്‌കരണ ആഹ്വാനം ഫലിച്ചു; ഫലസ്തീന്‍ വിരുദ്ധ പരസ്യം പിന്‍വലിച്ച് സാറ

ദുബായ്- വ്യാപക വിമര്‍ശവും ബഹിഷ്‌കരണ ആഹ്വാനവും ഉയര്‍ന്നതിനു പിന്നാലെ ഫലസ്തീനികളെ അവഹേളിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിച്ച് ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ സാറ (Zara).
വെള്ളത്തുണിയില്‍ പൊതിഞ്ഞ ഡമ്മിയുമായി മോഡല്‍ നില്‍ക്കുന്ന പരസ്യമാണ് പിന്‍വലിച്ചത്. എന്നാല്‍ ഉള്ളടക്കം പുതുക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ് മാറ്റമെന്നാണ് സാറയുടെ മാതൃസ്ഥാപനമായ ഇന്‍ഡിടെക്‌സിന്റെ വിശദീകരണം.

കൈകാലുകള്‍ നഷ്ടപ്പെട്ട മാനെക്വിനുകളുമായി മോഡല്‍ നില്‍ക്കുന്ന പരസ്യം പുറത്തിറക്കിയതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാറയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. സാറയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പലസ്തീന്‍ പതാകകള്‍ക്കൊപ്പം '#BoycottZara' എന്ന ഹാഷ്ടാഗും പ്രചരിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച പല അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരുന്നു

ഡിസംബര്‍ ഏഴിനാണ് വിവാദമായ സാറയുടെ 'ദ ജാക്കറ്റ്' എന്ന പുതിയ പ്രൊമോഷണല്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. ക്രിസ്റ്റന്‍ മക്‌മെനാമിയായിരുന്നു മോഡല്‍. ഗാസയിലെ നിലവിലെ ദുരവസ്ഥ പുനരാവിഷ്‌കരിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ അധിനിവേശത്തെ ബ്രാന്‍ഡിന്റെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ഭൂപടത്തിന് സമാനമായി നിര്‍മ്മിച്ച പ്ലെയ്‌വുഡ് ബോര്‍ഡില്‍ മോഡല്‍ ഇരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. മറ്റൊന്നില്‍, വെള്ള തുണികൊണ്ട് ചുറ്റിയ ഡമ്മിയുമായി നില്‍ക്കുന്ന മോഡലിനെ കാണാം.
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വെള്ളത്തുണികള്‍ കൊണ്ട് പൊതിഞ്ഞു കൊണ്ടുപോകുന്നതിന് സമാനമാണ് ഈ ചിത്രം. തകര്‍ന്ന കെട്ടിടമാണെന്ന് തോന്നിക്കുന്ന പശ്ചാത്തലത്തില്‍ എടുത്തതാണ് മറ്റൊരു ചിത്രം.

 

Latest News