ന്യൂദല്‍ഹി - ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയോട് ആദരപൂര്‍വം വിയോജിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജമ്മുകശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യുന്നത് വരെ അതിനെ മാനിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം ആവര്‍ത്തിക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി. സംസ്ഥാനങ്ങളെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന നടപടി ഇനിയും ഉണ്ടായേക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം എടുക്കാത്തതില്‍ നിരാശയുണ്ടെന്നും ബെഞ്ച് പറഞ്ഞു. അതേസമയം, കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ സ്വഗതം ചെയ്യുന്നുവെന്നും ചിദംബരം പറഞ്ഞു.