Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കുത്തനെ കുറച്ചു

ജിദ്ദ - തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം 94 ശതമാനം വരെ കുറച്ചു. തൊഴിൽ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയിൽ വരുത്തിയ ഭേദഗതികൾ വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഴുവൻ നിയമ ലംഘനങ്ങൾക്കുള്ള പിഴകളും പരിഷ്‌കരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള 55 ഉം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്തുള്ള 37 ഉം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് പട്ടികയിൽ അടങ്ങിയിരിക്കുന്നത്. 
ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പിഴകൾ നിർണയിച്ചിരിക്കുന്നത്. വേതന വിതരണത്തിന് കാലതാമസം വരുത്തുന്ന എല്ലാ വിഭാഗങ്ങളിലും പെട്ട സ്ഥാപനങ്ങൾക്ക് ഇനി മുതൽ തൊഴിലാളികളിൽ ഒരാൾക്ക് 300 റിയാൽ തോതിലാണ് പിഴ ചുമത്തുക. അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 5,000 റിയാലും 21 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 3,000 റിയാലും 20 ഉം അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 2,000 റിയാലും തോതിലാണ് നേരത്തെ ഈ നിയമ ലംഘനത്തിന് പിഴ ചുമത്തിയിരുന്നത്. 
പ്രസവം നടന്ന് ആറാഴ്ചക്കുള്ളിൽ വനിതകളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ 10,000 റിയാലിൽ നിന്ന് 1,000 റിയാലായി കുറച്ചു. മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്ത ഓരോ തൊഴിലാളിക്കും ചെറുകിട സ്ഥാപനങ്ങൾക്ക് 300 റിയാലും ഇടത്തരം സ്ഥാപനങ്ങൾക്ക് 500 റിയാലും വൻകിട സ്ഥാപനങ്ങൾക്ക് 1,000 റിയാലും തോതിൽ പിഴ ചുമത്തും. വനിതാവൽക്കരിച്ച തൊഴിലുകളിൽ നിയമിക്കുന്ന ഓരോ സൗദി പുരുഷ ജീവനക്കാരനും 1,000 റിയാൽ തോതിൽ എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും പിഴ ചുമത്തും. പരിഷ്‌കരിക്കുന്നതിനു മുമ്പ് ചെറുകിട സ്ഥാപനങ്ങൾക്ക് 2,500 റിയാലും ഇടത്തരം സ്ഥാപനങ്ങൾക്ക് 5,000 റിയാലും വൻകിട സ്ഥാപനങ്ങൾക്ക് 10,000 റിയാലുമാണ് ഈ നിയമ ലംഘനത്തിന് പിഴ ചുമത്തിയിരുന്നത്. 
വ്യാജ സൗദിവൽക്കരണത്തിന് ഓരോ ജീവനക്കാരനും ചെറുകിട സ്ഥാപനങ്ങൾക്കുള്ള പിഴ 5,000 റിയാലിൽ നിന്ന് 2,000 റിയാലായും ഇടത്തരം സ്ഥാപനങ്ങൾക്കുള്ള പിഴ 10,000 റിയാലിൽ നിന്ന് 4,000 റിയാലായും വൻകിട സ്ഥാപനങ്ങൾക്കുള്ള പിഴ 20,000 റിയാലിൽ നിന്ന് 8,000 റിയാലായും കുറച്ചിട്ടുണ്ട്. മധ്യാഹ്ന വിശ്രമം നിയമ ലംഘിക്കുന്ന എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും ഒരു തൊഴിലാളിക്ക് 1,000 റിയാൽ തോതിലാണ് പിഴ ചുമത്തുക. 
തൊഴിലാളികളെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിക്കൽ, തൊഴിൽ കരാർ അവസാനിച്ച് ഒരാഴ്ചക്കകം വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നൽകാതിരിക്കൽ, തൊഴിൽ കരാർ അവസാനിച്ച ശേഷം സർവീസ് സർട്ടിഫിക്കറ്റും നേരത്തെ കൈമാറിയ ബിരുദ സർട്ടിഫിക്കറ്റുകളും രേഖകളും തിരികെ നൽകാതിരിക്കൽ, നിയമാനുസൃത ഫീസുകൾ തൊഴിലുടമ വഹിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ തൊഴിലാളികളിൽ ഒരാൾക്ക് ചെറുകിട സ്ഥാപനങ്ങൾക്ക് 1,000 റിയാലും ഇടത്തരം സ്ഥാപനങ്ങൾക്ക് 2,000 റിയാലും വൻകിട സ്ഥാപനങ്ങൾക്ക് 3,000 റിയാലും തോതിൽ പിഴയാണ് ഇനി മുതൽ ലഭിക്കുക.
 

Latest News