ജിദ്ദ - മുൻ വൈരാഗ്യത്തെ തുടർന്ന് കരുതിക്കൂട്ടി കാറുകൾ കൂട്ടിയിടിപ്പിക്കുകയും ഇതിനിടെ നിയന്ത്രണം വിട്ട കാറുകളിൽ ഒന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യാത്രക്കാരിൽ ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ടു സൗദി യുവാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇരുവർക്കുമെതിരായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നിലക്ക് അമിത വേഗതയിൽ കാറുകൾ ഓടിച്ച പ്രതികൾ കരുതിക്കൂട്ടി കാറുകൾ കൂട്ടിയിടിപ്പിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാറുകളിൽ ഒന്ന് തെരുവു വിളക്കുകാലിൽ ഇടിച്ച് യാത്രക്കാരിൽ ഒരാൾ മരണപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയുമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് കേസിൽ അന്വേഷണം പൂർത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷൻ തെളിവുകൾ സഹിതം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കരുതിക്കൂട്ടി ഒരാളുടെ മരണത്തിന് കാരണക്കാരായി എന്ന ആരോപണമാണ് ഇരുവർക്കുമെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.