Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡീപ് ടെക് മേഖല: വൻ മുന്നേറ്റവുമായി കേരളത്തിലെ സ്റ്റാർട്ടപ്പുകൾ

ലോകത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഡീപ് ടെക് സാങ്കേതിക മേഖലയിൽ ചുവടുറപ്പിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ. രാജ്യത്തെ ഏറ്റവും മികച്ച ഡീപ് ടെക് സ്റ്റാർട്ടപ്പുകളിൽ കേരളത്തിൽ നിന്നുള്ള സംരംഭങ്ങളാണ് മുൻപന്തിയിൽ. രാജ്യത്തെ ടെക്‌നോളജി മേഖലയിലെ സുപ്രധാന സംഘടനയായ നാസ്‌കോം 2023 എമെർജ് 50 പുരസ്‌കാരത്തിന് കേരള സ്റ്റാർട്ടപ് മിഷനിലെ നാല് സ്റ്റാർട്ടപ്പുകൾ അർഹരായി. ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ ടെക് ലോകം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന നൂതന ഉൽപന്നങ്ങളാണ് ഡീപ് ടെക് മേഖലയിൽ ഉൾപ്പെടുന്നത്. ഇൻടോട്ട് ടെക്‌നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, പ്രൊഫേസ് ടെക്‌നോളജീസ്, സസ്‌കാൻ മെഡ്‌ടെക് എന്നിവയാണ് നാസ്‌കോം പുരസ്‌കാരത്തിനർഹമായത്.
ഡിജിറ്റൽ റേഡിയോ സംപ്രേഷണത്തിൽ നിലവിലുള്ള പിഴവുകൾ പൂർണമായും ഇല്ലാതാക്കുന്ന ഇന്റർനെറ്റ് പ്രോട്ടോകോൾ റിസീവറാണ് ഇൻടോട്ട് ടെക്‌നോളജീസിന്റെ ഉൽപന്നം.  ഡിജിറ്റൽ റേഡിയോ റിസീവറിൽ ഉപയോഗിക്കുന്ന ചിപ്പുകൾക്ക് പകരമായി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സിഗ്‌നൽ റിസീവിംഗ് സാധ്യമാക്കുകയാണ്. ഈ ഉൽപന്നത്തിന് നിലവിൽ എട്ട് പേറ്റന്റുകൾ ലഭിച്ചിട്ടുണ്ട്. ആറെണ്ണത്തിന്റെ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. സോഫ്റ്റ് വെയർ അധിഷ്ഠിതമായ റേഡിയോ സിഗ്‌നൽ റിസീവറിന് ദേശീയ പുരസ്‌കാരവും ഇൻടോട്ടിന് ലഭിച്ചിട്ടുണ്ട്. ഓരോ ഉപകരണത്തിലും 12 ഡോളർ വരെ ലാഭിക്കാനും ഇവരുടെ ഉൽപന്നത്തിലൂടെ സാധിക്കും. 
റേഡിയോ റിസീവിംഗ് സിഗ്‌നലുകളുടെ കാര്യത്തിൽ വിപ്ലവകരമായ മാറ്റമാണ് ഇൻടോട്ട് കൊണ്ടുവന്നിട്ടുള്ളതെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ രജിത് നായർ പറഞ്ഞു. ലോകത്തെ വിവിധ കാർ നിർമാതാക്കളുടെ നാല് ലക്ഷം കാറുകളിലാണ് പുതുതലമുറ ഇൻടോട്ട് റേഡിയോ റിസീവർ ഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ ആഗോള പ്രശസ്തമായ സ്റ്റാർട്ടപ്പായി ഇൻടോട്ട് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആകാശ നിരീക്ഷണത്തിലൂടെ തന്നെ വളപ്രയോഗം, രോഗബാധ എന്നിവ മനസ്സിലാക്കാനും അതിന്റെ പരിഹാരം ഡ്രോൺ വഴി തന്നെ നടത്താനുമുള്ള സാങ്കേതിക വിദ്യയാണ് ഫ്യൂസലേജ് ഇന്നൊവേഷനുള്ളത്. സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഡിജിറ്റൽ കാർഷിക മാതൃക ഏർപ്പെടുത്തുകയും മികച്ച കാർഷിക സംസ്‌കാരം വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. ബ്രിട്ടനിലെ ഗ്ലോബൽ ഒൺട്രപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് (ജിഇപി) തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പാണിത്. 2020 ൽ ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേർന്ന് ആരംഭിച്ച ഫ്യൂസലേജിന്റെ പ്രധാന കാർഷിക ടെക്‌നോളജി ഉൽപന്നങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവയാണ്.
സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള വെബ് ആപ്ലിക്കേഷനാണ് പ്രൊഫേസ്.  സൈബർ ആക്രമണങ്ങൾ തത്സമയം കണ്ടെത്തി മൈക്രോസെക്കന്റുകൾക്കുള്ളിൽ അത് തടയുന്ന സോഫ്റ്റ് വെയർ ഉൽപന്നമാണിത്. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ഇആർപി സൊല്യൂഷൻസ്, സിആർഎം തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകളെ സംരക്ഷിക്കാൻ ഈ സാങ്കേതിക വിദ്യക്ക് സാധിക്കും. വൈശാഖ് ടിആർ, ലക്ഷ്മി ദാസ് എന്നിവരാണ് പ്രൊഫേസിന്റെ സ്ഥാപകർ.
വായ്ക്കുള്ളിലെ അർബുദ രോഗം കണ്ടെത്തുന്നതിനുള്ള സ്‌കാനിംഗ് ഉപകരണമാണ് സസ്‌കാൻ മെഡ് ടെക്കിന്റെ ഓറൽസ്‌കാൻ. ലോകത്ത് വർഷം ഏതാണ്ട് 1.3 ലക്ഷം പേർക്ക് വായ്ക്കുള്ളിൽ അർബുദം ബാധിക്കാറുണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള കാലതാമസം മൂലം ഇതിൽ പകുതിയാണ് മരണ നിരക്ക്. കൈയിൽ പിടിച്ചു കൊണ്ട് വായ്ക്കുള്ളിൽ സ്‌കാൻ ചെയ്യാവുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിത്. ക്ലൗഡ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഇതിൽ തത്സമയ ചിത്രങ്ങളും ലഭിക്കും. നിലവിൽ ടാറ്റാ മെമ്മോറിയൽ ആശുപത്രി, എകോഹം ഫൗണ്ടേഷൻ മുതലായവ ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്. സ്‌കാൻ ചെയ്യാൻ മാത്രമല്ല, അത്യന്തം കൃത്യതയോടെ ബയോപ്‌സി എടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഡോ. സുഭാഷ് നാരായണൻ, ഉഷ സുഭാഷ് എന്നിവരാണ് ഇതിന്റെ സ്ഥാപകർ.

Latest News