Sorry, you need to enable JavaScript to visit this website.

ബസ്സിന് നേരെ ഷൂ ഏറ്; വധശ്രമത്തിന്  കെ.എസ്.യുക്കാര്‍ക്കെതിരെ കേസെടുത്തു 

കൊച്ചി- നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമായ നരഹത്യാ ശ്രമത്തിനാണ്  കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്.  ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്യു പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെയില്‍ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.എറണാകുളം ഓടക്കാലിയില്‍വച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്യു പ്രവര്‍ത്തകരെ കുറുപ്പംപടി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൂ എറിഞ്ഞവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്.
പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് ഷൂ ഏറ് ഉണ്ടായത്. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പോലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Latest News