Sorry, you need to enable JavaScript to visit this website.

റൂബിയോ കട്ടുതിന്നതല്ല, ബഹിരാകാശത്ത് കാണാതായ ആ തക്കാളി ഒടുവില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്- ബഹിരാകാശത്ത് ആദ്യമായി വിളവെടുത്ത തക്കാളികളില്‍ ഒന്ന് ബഹിരാകാശയാത്രികന്‍ ഫ്രാങ്ക് റൂബിയോ കഴിച്ചുവെന്ന ആരോപണത്തില്‍നിന്ന് അദ്ദേഹത്തിന് മോചനം. കാണാതായ ചെറിയ തക്കാളിയുടെ അവശിഷ്ടങ്ങള്‍ എട്ട് മാസത്തിന് ശേഷം കണ്ടെത്തി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് രസകരമായ സംഭവം. സ്‌റ്റേഷന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന  തത്സമയ സംപ്രേഷണ പരിപാടിയിലാണ് നാസ ബഹിരാകാശ സഞ്ചാരി ജാസ്മിന്‍ മൊഗ്‌ബെലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങളുടെ നല്ല സുഹൃത്ത് ഫ്രാങ്ക് റൂബിയോ, തക്കാളി കഴിച്ചതിന് കുറച്ച് കാലമായി കുറ്റപ്പെടുത്തുന്നു. പക്ഷേ നമുക്ക് അവനെ കുറ്റവിമുക്തനാക്കാം. ഞങ്ങള്‍ തക്കാളി കണ്ടെത്തി- മൊഗ്‌ബെലി പറഞ്ഞു.
സെപ്റ്റംബറില്‍ ഭൂമിയിലേക്ക് മടങ്ങിയെത്തിയ റൂബിയോ, ബഹിരാകാശത്ത് വളര്‍ത്തിയ പഴം കഴിച്ചുവെന്ന് മാസങ്ങളോളം തമാശയായി ആരോപണം നേരിട്ടിരുന്നു.
എനിക്ക് ഉറപ്പുണ്ടായിരുന്നു, ഉണങ്ങിയ തക്കാളി ഒരു ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുകയും എന്നെ കുറ്റവിമുക്തനാക്കുകയും ചെയ്യുമെന്ന്... റൂബിയോ പ്രതികരിച്ചു.
തക്കാളി എവിടെയാണ് കണ്ടെത്തിയതെന്നോ അതിന്റെ അവസ്ഥ എന്താണെന്നോ ബഹിരാകാശയാത്രികര്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ സ്‌റ്റേഷനിലെ ഈര്‍പ്പം കാരണം അത് ജീര്‍ണിച്ച അവസ്ഥയിലായിരിക്കുമെന്ന് റൂബിയോ നേരത്തെ പ്രവചിച്ചിരുന്നു.

Latest News