VIDEO: അത് ഹമാസ് പോരാളികളല്ല, വ്യാജ അവകാശവാദവുമായി ഇസ്രായില്‍

ഗാസ-ഹമാസ് പോരാളികള്‍ കീഴടങ്ങുന്നുവെന്ന തരത്തില്‍ ഫലസ്തീനികളെ വസ്ത്രമുരിച്ച് നിര്‍ത്തുന്ന വ്യാജ വീഡിയോ പുറത്തുവിട്ടതിനെതിരെ പ്രതിഷേധം ശക്തം. വീഡിയോ വ്യാജമാണെന്ന് അല്‍ജസീറ സംഘം കണ്ടെത്തി.
ഗാസ ആക്രമണത്തിനിടെ പിടികൂടിയ ഫലസ്തീനികളെ വസ്ത്രമുരിച്ച് നിരത്തി നിര്‍ത്തിയ ഇസ്രായില്‍ സൈന്യം ഇതിന്റെ ദൃശ്യങ്ങളെടുത്ത് പുറത്തുവിട്ടതാണ് ആഗോള പ്രതിഷേധത്തിന് കാരണമായി. ക്ലിപ്പുകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഗാസ മുനമ്പിന്റെ വടക്ക് ബൈത്ത്‌ലാഹിയയിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന.

കൈകള്‍ പിന്നില്‍ കെട്ടി, കണ്ണുകളുംകെട്ടിയാണ് പലരേയും വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായിലി സൈനിക വക്താവ് ഡാനിയേല്‍ ഹഗാരിയോട് ഈ ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഭീകരര്‍ കീഴടങ്ങുന്ന രംഗമാണെന്നായിരുന്നു മറുപടി.

ഇസ്രായില്‍ തടവിലാക്കിയവരില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍ ദിയാ അല്‍കഹ്‌ലൂത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നതായി ലണ്ടന്‍ ആസ്ഥാനമായുള്ള, അറബി ഭാഷാ വാര്‍ത്താ ഔട്ട്‌ലെറ്റായ അല്‍അറബി അല്‍ജദീദ്,  എക്‌സില്‍ പറഞ്ഞു. ഇസ്രായില്‍ സൈന്യം അല്‍കഹ്‌ലൂത്തിനെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍, ബന്ധുക്കള്‍, മറ്റ് സാധാരണക്കാര്‍ എന്നിവരോടൊപ്പം ബൈത്ത്‌ലാഹിയയിലെ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അതിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള സഹോദര പ്രസിദ്ധീകരണമായ ദ ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്തു.

Latest News