Sorry, you need to enable JavaScript to visit this website.

'ഇടത് വിമർശം മുന്നണിയെ ശക്തിപ്പെടുത്താൻ'; സി.പി.എം-സി.പി.ഐ ബന്ധം നിർണായകമെന്നും ബിനോയ് വിശ്വം

കോട്ടയം - തന്റെ എൽ.ഡി.എഫ് വിമർശങ്ങൾ മുന്നണിയെ ദുർബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേൽപ്പിക്കപ്പെട്ട പാർട്ടിയുടെ മുതിർന്ന നേതാവും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം എം.പി. എൽ.ഡി.എഫ് ഇന്ത്യൻ രാഷ്ട്രീയത്തിന് വഴികാട്ടുന്ന കൂട്ടായ്മയാണെന്നും പാർട്ടിയുടെ പുതിയ ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
 പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ഇതിന് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരഥൻമാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ല താനെന്നും എന്നാൽ കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 എൽ.ഡി.എഫിനെ താൻ വിമർശിച്ചിട്ടുണ്ട്. അതെല്ലാം മുന്നണിയെ  ശക്തിപ്പെടുത്താനാണ്. എൽ.ഡി.എഫിന്റേതല്ലാത്ത താൽപര്യമൊന്നും സി.പി.ഐക്കില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രകാശഗോപുരമാണ് എൽ.ഡി.എഫ്. സി.പി.ഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതു മുന്നണിയെയും ശക്തിപ്പെടുത്താൻ ശ്രമിക്കും. ഇടയ്ക്ക് വിമർശിക്കാറുണ്ടെങ്കിലും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തണം. എൽ.ഡി.എഫാണ് ശരി, അതിൽ സി.പി.എം-സി.പി.ഐ ബന്ധം നിർണായകമാണ്. ആ ബന്ധം ഊട്ടിയുറപ്പിക്കുമെന്നും പാർട്ടി തന്നിൽ അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News