ചിന്ദ്വാര- വിധവയായ മരുമകള്‍ക്ക് അനുയോജ്യനായ ഭര്‍ത്താവിനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്തയാള്‍ മധ്യപ്രദേശ് സ്വദേശി സമൂഹ മാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റി.
ചിന്ദ്വാര സ്വദേശിയാണ് തന്റെ മകന്‍ മരിച്ചതിനെ തുടര്‍ന്ന് വിധവയായ മരുമകളുടെ വിവാഹം നടത്തിയത്. ഭര്‍ത്താവ് മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുനര്‍വിവാഹം.
മഞ്ഞപ്പിത്തം ബാധിച്ചാണ് ജയ് കിഷന്‍ ബവാരിയ രണ്ട് വര്‍ഷം മുമ്പ് മരിച്ചത്. പരാസിയയില്‍ താമസിക്കുന്ന മംഗള്‍ ബവാരിയയാണ് വിധവയായ മരുമകള്‍ രാഖിയുടെ പുനര്‍വിവാഹം നടത്തിയത്. രാഖിയുടെ ഏകാന്തതയും പ്രയാസങ്ങളും കണ്ട മംഗള്‍ ബവാരിയ സമൂഹം എന്തു പറയുമെന്ന് നോക്കാതെ രണ്ടാം വിവാഹത്തിന് സൗകര്യമൊരുക്കി യുവതിയുടെ സന്തോഷ ജീവിതം ഉറപ്പിക്കുകയായിരുന്നു.
പാസി സമാജ് ട്രസ്റ്റിന്റെ പിന്തുണയുള്ള ബവേരിയ കുടുംബം രാഖിക്ക് അനുയോജ്യമായ വരനെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ചിന്ദ്വാരയിലെ പരാസിയയില്‍ നിന്നുള്ള അജയ് കൈത് വാസിനെ വരനായി കണ്ടെത്തി.
രാഖിയുടെ സമ്മതത്തോടെ മംഗള്‍ ബവാരിയ വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. വിവാഹ ചടങ്ങുകള്‍ ഗായത്രി ക്ഷേത്രത്തിലാണ് നടന്നത്. രാഖിയെ സ്വന്തം മകളായി അംഗീകരിക്കുന്നതിന്റെ പ്രതീകമായി കന്യാദാന്‍ നടത്തിയതിനാല്‍ മംഗളിന്റെ പങ്കാളിത്തം പരമ്പരാഗത ആചാരങ്ങള്‍ക്ക് അതീതമായി.
സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നടത്തിയ വിവാഹം ദുഃഖിതയായ സ്ത്രീയുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്നു.
പാസി സമാജ് ട്രസ്റ്റിലെ താരാചന്ദ് ബവാരിയ, കേശവ് കൈത്‌വാസ്, ശ്രീ നാരായണ്‍ കൈത്‌വാസ്, എഞ്ചിനീയര്‍ രാജന്‍ കൈത്‌വാസ് എന്നിവരും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.