Sorry, you need to enable JavaScript to visit this website.

കെ.സി.ആറിനെ തെലങ്കാന മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു

ന്യൂദൽഹി- ഫാം ഹൗസിൽ വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആശുപത്രിയിലെത്തി സന്ദർശിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ചന്ദ്രശേഖർ റാവു. ഡിസംബർ 7 ന് ഹൈദരാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള എരവള്ളിയിലെ ഫാം ഹൗസിൽ വീണു പരിക്കേറ്റ കെ.സി.ആർ ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഡിസംബർ 8 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റെഡ്ഢി ആശുപത്രിയിൽ വച്ച് കെ.സി.ആറിന്റെ കുടുംബവുമായും സംസാരിച്ചു. കെസിആറിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സഹകരണവും നൽകാൻ ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഢി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
'വേഗം സുഖം പ്രാപിക്കണമെന്നും തെലങ്കാന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് നല്ല ഭരണം നൽകുന്നതിന് അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമാണ്- മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാത്രി എരവള്ളിയിലെ ഫാം ഹൗസിലെ ശുചിമുറിയിൽ കാൽ വഴുതി വീണതിനെ തുടർന്ന് ഇടുപ്പെല്ലിന് പൊട്ടലുണ്ടായാണ് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് മകൾ കെ കവിത പറഞ്ഞു. പൂർണമായും സുഖം പ്രാപിക്കാൻ ഏകദേശം എട്ടാഴ്ചയെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
 

Latest News