പത്തനംതിട്ട- പേമാരിയും വെള്ളപ്പൊക്കവും കനത്ത ദുരിതം വിതച്ച പത്തനംതിട്ടയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലയിലെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള നീക്കത്തിലാണ് സൈന്യം. ജില്ലയുടെ പലഭാഗങ്ങളിലും ഒട്ടേറെപ്പേര്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.
രാത്രി വൈകി രക്ഷാപ്രവര്‍ത്തനത്തിന് അയച്ച നാല് ബോട്ടുകള്‍ തിരികെയെത്തി. ഈ നാല് ബോട്ടുകളിലായി അന്‍പതോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കൂടുതല്‍ ബോട്ടുകള്‍ എത്തുന്നുണ്ടെന്നും നിലവില്‍ പത്ത് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയിട്ടുണ്ടെന്നും ആറന്മുള എംഎല്‍എ വീണ ജോര്‍ജ് പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം എത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹും അറിയിച്ചു.
തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്റെ ആറ് ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകള്‍, നാവികസേനയുടെ രണ്ടു ബോട്ടുകള്‍, കൊല്ലത്തു നിന്നു രണ്ടു ബോട്ടുകള്‍, ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ബോട്ടുകള്‍, അഗ്‌നിശമന സേനയുടെ ഒരു ബോട്ട്, എറണാകുളത്തു നിന്നു രണ്ടു ബോട്ട് എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുക. ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തുനിന്നും റാന്നിയിലെത്തി. രണ്ട് ഹെലികോപ്ടറുകളും ഉപയോഗിക്കുന്നുണ്ട്.