കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനം, 'അനിമല്‍'  സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് എം പി

ന്യൂദല്‍ഹി- ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത് തിയേറ്ററുകളില്‍ വന്‍ വിജയമായ 'അനിമല്‍' സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ് എം പിയുമായ രഞ്ജീത് രഞ്ജന്‍. അനിമല്‍ കാണാന്‍ പോയ തന്റെ മകള്‍ ചിത്രം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിയേറ്ററില്‍ നിന്ന് ഇറങ്ങിവന്നെന്നാണ് രഞ്ജീത് രഞ്ജന്‍ രാജ്യസഭയില്‍ പറഞ്ഞത്.
'സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള്‍ എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. എന്റെ മകള്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം 'അനിമല്‍' കാണാന്‍ പോയിരുന്നു. സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണീരോടെ അവള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി. അവള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് കാണിക്കുന്നത്. കേന്ദ്ര കഥാപാത്രം അയാളുടെ ഭാര്യയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കള്‍ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനികളില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്'  രഞ്ജീത് രഞ്ജന്‍ പറഞ്ഞു.സിനിമയില്‍ 'അര്‍ജന്‍ വൈലി' എന്ന ഗാനം ഉപയോഗിച്ചതിനെയും എം പി വിമശിച്ചു. പഞ്ചാബി യുദ്ധഗാനം രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രം കൊലപാതകം പോലുള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ പശ്ചാത്തലമായി ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തിയേക്കാമെന്നും രഞ്ജീത് രഞ്ജന്‍ പറഞ്ഞു.

Latest News