Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിനിടെ സി പി എം ബ്രാഞ്ച് അംഗത്തെ ഡി വൈ എഫ് ഐക്കാര്‍ ആളുമാറി പൊതിരെ തല്ലി

കൊച്ചി - എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന നവകേരള സദസിനിടെ സി പി എം ബ്രാഞ്ച് അംഗത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പൊതിരെ തല്ലി. പാര്‍ട്ടി തമ്മനം ഈസ്റ്റ് ബ്രാഞ്ച് അംഗം റയീസിനാണ് മര്‍ദ്ദനമേറ്റത്. പാര്‍ട്ടി അംഗമാണെന്ന് പറഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിച്ചെന്നും അതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും റയീസ് പറഞ്ഞു. അമ്പതിലധികം ആളുകള്‍ കൂട്ടം ചേര്‍ന്ന് ആളുമാറി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെ മറൈന്‍ഡ്രൈവിലെ നവ കേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു  റയീസ്. ഇതിനിടയില്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് സര്‍ക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലഘുലേഖ വിതരണം ചെയ്തിരുന്നു. ഇവരുടെ സമീപത്താണ് റയീസ് നിന്നിരുന്നത്. ഇവരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിനിടയില്‍ റയീസിനും ക്രൂര മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. 'ഞാന്‍ പുറത്തോട്ടു പോകാന്‍ ഇറങ്ങിയപ്പോഴാണ് അമ്പതോളം പേര് വന്ന് എന്നെ ചവിട്ടിക്കൂട്ടിയത്. കണ്ടു നിന്നവര്‍ വരെ വന്ന് മര്‍ദിച്ചു. കരിങ്കൊടി കാണിച്ചവരെയും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെയായിരുന്നു മര്‍ദനം' റയീസ് പറയുന്നു. സംഭവത്തില്‍ റയീസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും സി പി എം നേതാക്കള്‍ ഇടപെട്ട് പുറത്ത് ഇറക്കിയിരുന്നു. കാര്യമായി പരിക്കേറ്റ റയീസ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ് പറഞ്ഞു.

 

Latest News