ന്യൂഡൽഹി - ജനപ്രിയ ലോകനേതാക്കളുടെ ശ്രേണിയിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു.എസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കൺസൾട്ടിന്റെ കണക്കനുസരിച്ച് 76 ശതമാനം റേറ്റിംഗോടെയാണ് മോഡി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്.
മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66%), സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് (58%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ബ്രസീലിന്റെ ലുല ഡ സിൽവയും ഓസ്‌ട്രേലിയയുടെ ആന്റണി അൽബനീസും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തെത്തി.
ഏറ്റവും കുറഞ്ഞ അംഗീകാര റേറ്റിംഗ് ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി പെറ്റർ ഫിയാലയ്ക്കാണ്, 16 ശതമാനം. യു.കെ പ്രധാനമന്ത്രി ഋഷി സുനകിന് 25 ശതമാനം റേറ്റിംഗേ നേടാനായുള്ളൂ.
രാജ്യത്ത് പൗരാവകാശ ധ്വംസനത്തിലൂടെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുള്ള വംശഹത്യയിലും മാധ്യമസ്വാതന്ത്ര്യ ഇൻഡക്‌സിലും
ദാരിദ്ര്യത്തിലുമെല്ലാം ഇന്ത്യക്ക് അങ്ങേയറ്റം നാണക്കേടായ നിലവാരത്തിലായിട്ടും എന്തുകൊണ്ടാണ് മോഡിയുടെ ഗ്രാഫ് ഉയർന്നുനിൽക്കുന്നതെന്ന് പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്.
18 ശതമാനം പേർ മാത്രമാണ് മോഡിക്കെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യ ആതിഥ്യമരുളിയ ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് ഈ സർവേ നടത്തിയത്. അതിനാലാവാം മോഡിക്ക് ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിക്കാൻ ഇടയാക്കിയതെന്നും പറയുന്നു. ഈ വർഷം സെപ്തംബറിൽ നേരന്ദ്ര മോഡിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കൺസൾട്ട് വിശേഷിപ്പിച്ചിരുന്നു.