Sorry, you need to enable JavaScript to visit this website.

കാനത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് തലസ്ഥാനം, വിലാപയാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോകും

തിരുവനന്തപുരം - അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ഇപ്പോള്‍ പട്ടം പി എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രണ്ട് മണി വരെ ഇവിടെ പൊതുദര്‍ശനം തുടരും. മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, സി പി ഐ നേതാവ് ബിനോയ് വിശ്വം, കാനം രാജേന്ദ്രന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി ആര്‍ അനിലും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. നേരത്തെ ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലുള്ള മകന്റെ വസതിയില്‍ പൊതുദര്‍ശനം തീരുമാനിച്ചെങ്കിലും സമയപരിമിതി മൂലം ഇടപ്പഴിഞ്ഞിയിലെ പൊതുദര്‍ശനം ഒഴിവാക്കുകയായിരുന്നു. പട്ടത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

 

Latest News