Sorry, you need to enable JavaScript to visit this website.

പാണക്കാട് തങ്ങന്മാർക്ക് മൂക്കുകയറിട്ട് സമസ്ത; മുജാഹിദ്, ജമാഅത്ത് പരിപാടികളിൽ പങ്കെടുത്താൽ നടപടി

കോഴിക്കോട് - സമസ്തയുടെയും പോഷക സംഘടനകളുടെയും ഔദ്യോഗിക പദവിയിലിരിക്കുന്നവർ 'ബിദഈ പ്രസ്ഥാനക്കാരു'ടെ പരിപാടികളിൽ പങ്കെടുത്താൽ അവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സമസ്ത തീരുമാനം. കഴിഞ്ഞദിവസം കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ യോഗത്തിന്റേതാണീ തീരുമാനം. 
 ഇതനുസരിച്ച് വിവിധ മുജാഹിദ് സംഘടനകളുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അവരുടെയെല്ലാം സ്ഥാപനങ്ങളുമായും മറ്റും ബന്ധപ്പെട്ട പരിപാടികളിൽ സമസ്ത നേതാക്കൾ പങ്കെടുത്താൽ അത് അച്ചടക്ക നടപടിക്ക് കാരണമാകും. നേരത്തെ തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മറ്റും മുജാഹിദ്, ജമാഅത്ത് അടക്കമുള്ള വിവിധ സംഘടനാ വേദികളിലെ ക്ഷണം സ്വീകരിച്ചത് സമസ്തയിലെ ചില തീവ്ര സംഘടനാ നിലപാടുകാർ വലിയ വിവാദമാക്കിയിരുന്നു.
 ലീഗ് പ്രസിഡന്റ് മറ്റു മുസ്‌ലിം സംഘടനകളുടെ വേദിയിൽ പങ്കെടുക്കുന്നതിന് സമസ്ത തിട്ടൂരം ഏർപ്പെടുത്തിയത് സംഘടനക്കകത്തും വിവിധ സമുദായ സംഘടനകളിലും വലിയ ചർച്ചയായിരുന്നു. സമസ്തയുടെ പുതിയ തീരുമാനത്തോടെ പാണക്കാട് സാദിഖലി തങ്ങളെ അടക്കമുള്ളവരെ പൂട്ടാൻ തങ്ങൾക്കാവുമെന്നാണ് സമസ്തയിലെ ഒരു വിഭാഗം ഈ പ്രമേയത്തിലൂടെ തങ്ങളുടെ വിജയമായി അണിയറയിൽ സംസാരിക്കുന്നത്. 
 സമസ്തയുടെ സ്ഥാപനമായ ചെമ്മാട് ദാറുൽ ഹുദയിൽ പഠിച്ച ഹുദവികളുടെ മുൻകൈയാൽ ഈയിടെ കോഴിക്കോട് ബീച്ചിൽ നടന്ന എം.എൽ.എഫ് പരിപാടിക്കെതിരെ സമസ്ത കണ്ണുരുട്ടിയെങ്കിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അത് ഉദ്ഘാടനം ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷവിമർശം ഉയർന്നിരുന്നു. പാണക്കാട് മുനവ്വറലി തങ്ങളും എം.എൽ.എഫിന്റെ  പരിപാടിയിൽ സാദിഖലി തങ്ങളോടൊപ്പം പങ്കെടുത്തിരുന്നു. എന്നാൽ, പിന്നീട് സമസ്തയിലെ ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷമായ വിമർശം ഉയർന്നതോടെ മുന്നുദിവസത്തെ സാഹിത്യോത്സവിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും മുനവ്വറലി തങ്ങൾ മാറിനിന്നിരുന്നു. പൊതുസമൂഹത്തിലും മറ്റും പരിപാടിയെ കുറിച്ച് മികച്ച അഭിപ്രായം ഉയർന്നപ്പോൾ സമസ്തയിലെ ഒരുവിഭാഗം ഇതിനെതിരെ ശക്തമായ വിമർശങ്ങളുമായി രംഗത്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത പ്രമേയത്തിലൂടെ തങ്ങളുടെ പിടി കൂടുതൽ മുറുക്കിയിരിക്കുന്നത്. 
 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു നടന്ന എം.എൽ.എഫിന് പകുതിയോളം രൂപ സ്‌പോൺസർഷിപ്പിലൂടെയും മറ്റും ലഭിച്ചെങ്കിലും ബാക്കി തുക സംഘാടകർതന്നെ സ്വയം വഹിക്കുകയായിരുന്നു. എന്നാൽ, പ്രഥമ എം.എൽ.എഫിന് ലഭിച്ച സ്വീകാര്യതയെ തുടർന്ന് അടുത്തവർഷത്തെ എം.എൽ.എഫിനുള്ള സ്‌പോൺസർഷിപ്പടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ടവർക്കു മുന്നിൽ വലിയ ഓഫറുകൾ വന്നതായും വിവരമുണ്ട്. 
 അതിനിടെ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ ഇസ്‌ലാമിന് നിരക്കാത്തതും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധവുമായ യാതൊന്നും ഉണ്ടാവാൻ പാടില്ലെന്നും സമസ്ത ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരം പരിപാടികൾ മേലിൽ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടവർക്കും സമസ്ത നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
 സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മുശാവറ യോഗത്തിൽ സി.ഐ.സി വിഷയത്തിൽ നേതാക്കൾ തമ്മിൽ രൂക്ഷ വാഗ്വാദങ്ങളും ഉണ്ടായതായാണ് വിവരം. സമസ്ത വൈസ്പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും ട്രഷറർ പി.പി ഉമർ മുസ്‌ലിയാരും മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ അടക്കമുള്ളവർ തമ്മിലാണ് രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയോളം കാര്യങ്ങളെത്തിയതെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. കൊയ്യോട് ഉമർ മുസ്‌ലിയാരുടെ തലപ്പാവ് എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ തട്ടിത്തെറിപ്പിച്ചെന്നും ബോധപൂർവ്വം പ്രചാരണമുണ്ടായി. എന്നാൽ, ആരോപണം നിഷേധിച്ച സമസ്ത നേതാക്കൾ, യോഗത്തിൽ അംഗങ്ങൾ അഭിപ്രായങ്ങൾ പറയുന്നതും ചർച്ചകൾ നടത്തുന്നതും പതിവുള്ള കാര്യമാണെന്നും അതിലപ്പുറം ഉണ്ടായിട്ടില്ലെന്നും പ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്നുമാണ് അണികളോട് വിശദീകരിച്ചത്.
 എ.വി അബ്ദറഹ്മാൻ മുസ്‌ലിയാർ ഉമർ മുസ്‌ലിയാരുടെ തലപ്പാവ് തട്ടിയെന്നത് ശരിയാണെന്നും എന്നാൽ അത് എ.വി മുസ്‌ലിയാർ സംസാരിക്കുന്നതിനിടെ കൈ ഉയർത്തിയപ്പോൾ തട്ടിത്തെറിച്ച് വീണതാണെന്നും ഉമർ മുസ്‌ലിയാരുടെ മകന്റേതായി ഒരു വോയ്‌സും സമൂഹമാധ്യമങ്ങളിലും വിവിധ സമസ്ത ഗ്രൂപ്പുകളിലും പാറി നടക്കുന്നുണ്ട്.

Latest News