ജനോവ- ഇറ്റലിയില്‍ മേല്‍പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 39 ആയി. ജനോവയിലെ മൊറാണ്ടി പാലം നിലംപൊത്തി നാല്‍പതോളം വാഹനങ്ങളാണ് തകര്‍ന്നത്. അപകട കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നഗരത്തിലെ സുപ്രധാന പാലം തകര്‍ന്നതിനു പിന്നാലെ ജനങ്ങള്‍ രോഷാകുലരാണ്. പാലത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ തലവന്‍ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ചൊവ്വാഴ്ച രാത്രി മുഴുവന്‍ അപകടത്തില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരേയും ജീവനോടെ കണ്ടെത്താനായില്ലെന്ന് ഇറ്റാലിയന്‍ റെഡ്‌ക്രോസ് വക്താവ് പറഞ്ഞു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. 39 പേരില്‍ 37 പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. സിറ്റി അധികൃതര്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച 16 പേരില്‍ 12 പേരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 440 പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു.