വില കുറഞ്ഞില്ല; മാര്‍ച്ച് വരെ സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രം

ന്യൂദല്‍ഹി- വിലക്കയറ്റം കുറയ്ക്കാനായി കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാര്‍ച്ച് വരെ സവാള കയറ്റുമതി നിരോധിച്ചു.  കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തികൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് (ഡി.ജി.എഫ്.ടി) ഉത്തരവിറക്കിയത്
ആഭ്യന്തര വിപണിയില്‍ ലഭ്യത ഉയര്‍ത്തുകയും  വിലക്കയറ്റം പിടിച്ചു നിര്‍ത്തുകയുമാണ് ലക്ഷ്യം. എന്നാല്‍ രാജ്യങ്ങള്‍ പ്രത്യേകം ആവശ്യപ്പെട്ടാല്‍ കയറ്റുമതി അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള പ്രധാന ഉല്‍പാദന സംസ്ഥാനങ്ങളില്‍ മഴമൂലം വിളനാശം ഉണ്ടായതോടെ വില കുതിച്ചുയര്‍ന്നിരുന്നു. ഉല്‍പാദനം കുറഞ്ഞിരിക്കുന്നതിനാല്‍ ഇനിയും വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിലാണ് സര്‍ക്കാര്‍.
നിലവില്‍ ദല്‍ഹിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 7080 രൂപയാണ്.
ഒക്ടോബറില്‍ സവാള വില 70 രൂപയ്ക്ക് മുകളിലെത്തിയപ്പോള്‍ ചില്ലറ വിപണിക്ക് ആശ്വാസമായി കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതുകൂടാതെ കയറ്റുമതി തറവില നിശ്ചയിച്ചും 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയും വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം നടപടി സ്വീകരിച്ചു. 2023 ഡിസംബര്‍ 31 വരെയാണ് തീരുവ.
നവംബര്‍ 14ന് പുറത്തുവിട്ട മൊത്തവില സൂചികപ്രകാരം പച്ചക്കറികളുടെയും ഉരുളക്കിഴങ്ങിന്റെയും വില യഥാക്രമം 21.40 ശതമാനം, 29.27 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സവാള വിലക്കയറ്റം 62.60 ശതമാനമാണ്.
ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് നാല് വരെ 9.75 ലക്ഷം ടണ്‍ സവാളയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, മലേഷ്യ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി.

 

Latest News