Sorry, you need to enable JavaScript to visit this website.

കാനം വിടവാങ്ങിയത് പകരക്കാരനെ നിർദേശിച്ച്

തിരുവനന്തപുരം - സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിടവാങ്ങൽ തന്റെ പിൻഗാമിയുടെ പേര് നിർദേശിച്ചതിന് പിന്നാലെ. കാൽപാദം മുറിച്ചുമാറ്റേണ്ടി വന്നതിനെ തുടർന്ന് പാർട്ടിയിൽനിന്ന് മൂന്നുമാസത്തെ അവധി ചോദിച്ച കാനത്തിന്റെ ആവശ്യം സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വത്തിന് വിടുകയായിരുന്നു. ഇതേ തുടർന്ന് ഈമാസം 16, 17 തിയ്യതികളിൽ നടക്കാനിരിക്കുന്ന ദേശീയ നിർവാഹകസമിതിയിൽ കാനത്തിന്റെ അവധിക്കാര്യത്തിലും പകരക്കാരന്റെ കാര്യത്തിലും തീരുമാനം എടുക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. 
 അതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവധിക്കായി കാനം രാജേന്ദ്രൻ രേഖാമൂലം തന്നെ സി.പി.ഐ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചത്. താൻ അവധിയെടുക്കുന്ന സമയത്ത് പകരക്കാരനായി, പാർട്ടിയെ നയിക്കാൻ  രാജ്യസഭാംഗവും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വത്തെയാണ് അദ്ദേഹം നിർദേശിച്ചതെന്നാണ് വിവരം. ഈ കത്ത് ദേശീയ നേതൃത്വത്തിന്റെ കൈവശം ഇരിക്കെയാണ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുള്ള കാനത്തിന്റെ ആകസ്മിക വിയോഗമുണ്ടായത്.
 ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായെങ്കിലും കാനം പ്രസ്തുത വാർത്ത തള്ളിയിരുന്നു. പകരം, താൻ മാറി നിൽക്കുമ്പോൾ പാർട്ടിയെ സംസ്ഥാനത്ത് നയിക്കാനും പ്രവർത്തനങ്ങൾ ഏകോപിക്കാനും ഒരു സംവിധാനമുണ്ടാകുമെന്നായിരുന്നു കാനം പറഞ്ഞത്. ചികിത്സയും രോഗാവസ്ഥയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നപ്പോഴും കാൽപാദം മുറിച്ചുമാറ്റേണ്ട സാഹചര്യം ഉണ്ടായപ്പോഴും പ്രമേഹം മൂലമുള്ള ചില ബുദ്ധിമുട്ടുകൾ എന്നതിലുപരി അതിനപ്പുറത്തേക്കുള്ള മറ്റു മാനങ്ങളൊന്നും ആരുടെയും ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല. 
 കാനത്തിന്റെ അവധി അപേക്ഷയിൽ പരക്കാരൻ ആര് എന്നതിൽ സംസ്ഥാന സമിതിയിൽ ഐകകണ്ഠമായ ധാരണയുണ്ടാകാത്തതിനെ തുടർന്നായിരുന്നു സംസ്ഥാന കമ്മിറ്റി വിഷയം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നത്. അവധി കാലയളവിൽ പാർട്ടി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി സുനീറിനെ സെക്രട്ടറിയുടെ താൽകാലിക ചുമതല ഏൽപ്പിക്കണമെന്നായിരുന്നു കാനം പക്ഷത്തുണ്ടായിരുന്ന ധാരണ. എന്നാൽ, അസിസ്റ്റൻറ് സെക്രട്ടറിമാരിൽ ജൂനിയറായ സുനീറിനെ ചുമതലയേൽപ്പിച്ചാൽ സീനിയർ അസിസ്റ്റൻറ് സെക്രട്ടറിയായ ഇ ചന്ദ്രശേഖരനെ അവഗണിച്ചുവെന്ന വിമർശം ഉണ്ടാകുമെന്നും ഇവർ കണക്കുകൂട്ടി. ഇത് ഒഴിവാക്കാൻ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയ് വിശ്വത്തെ രംഗത്തിറക്കാം എന്നതായി അടുത്ത ആലോചന. എന്നാൽ, സെക്രട്ടറിയുടെ ചുമതല തനിക്കു വേണ്ടതില്ലെന്നും ഏൽക്കാനില്ലെന്നും നിലപാട് സ്വീകരിച്ച മുൻ മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരൻ മുതിർന്ന നേതാവും മുൻ സംസ്ഥാന അസി. സെക്രട്ടറിയുമായ അഡ്വ. കെ പ്രകാശ് ബാബുവിന്റെ പേര് മുന്നോട്ടു വെച്ചിരുന്നു. എക്‌സിക്യൂട്ടിവിലെ മറ്റ് മുതിർന്ന നേതാക്കൾക്കും ഈ നിലപാടിനോട് പൊതുവെ യോജിപ്പായിരുന്നു. 
 എന്തായാലും സി.പി.ഐക്ക് അതിന്റെ ഒരു വടവൃക്ഷത്തെ തന്നെ നഷ്ടമായ ഈ ഘട്ടത്തിൽ പകരക്കാരന്റെ തിരഞ്ഞെടുപ്പും വലിയ വെല്ലുവിളി തന്നെയാണ് നിഴലിക്കുക. കാനം പകരക്കാനായി നിർദേശിച്ച ബിനോയ് വിശ്വം പാർട്ടിയുടെയും ഇടതു നിലപാടുകളെയുമെല്ലാം സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമെല്ലാം കൃത്യമായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന നേതാവാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ വിമർശകനാണെന്നതും ശ്രദ്ധേയമാണ്. പിണറായി സർക്കാറിന്റെ പല ജനവിരുദ്ധ നയങ്ങളെയും തുറന്നു പറയുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്ത ബിനോയ് വിശ്വത്തിന്റെ വരവ് മുന്നണി രാഷ്ട്രീയത്തിൽ സർക്കാറിന് കൂടുതൽ തലവേദനയുണ്ടാക്കുമെന്നും എതിരാളികൾക്കിടയിൽ വിമർശമുണ്ട്. എന്തായാലും അവധി അപേക്ഷയിൽ പകരക്കാരനല്ല, ഫുൾടൈമറെ തന്നെ കണ്ടെത്തുക സി.പി.ഐയ്ക്ക് അത്ര എളുപ്പമാവില്ലെന്നു തന്നെയാണ് കരുതേണ്ടത്. എന്തായാലും മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ ഇസ്മാഈൽ, സി ദിവാകരൻ അടക്കം പഴയതും പുതിയതുമായ തലമുറയിൽ പെട്ടവരോടെല്ലാം കൃത്യമായി ആശയവിനമയം നടത്തിയാവും പാർട്ടി നേതൃത്വം ബന്ധപ്പെട്ട ബോഡിയിൽ സമവായത്തിലൂടെ പുതിയൊരാളെ ചുമതല ഏൽപ്പിക്കുക.
 

Latest News