കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 24 മണിക്കൂറിനിടെ 10 നവജാതശിശുക്കള്‍ മരിച്ചു. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജില്‍ നടന്ന കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
മിക്ക കുഞ്ഞുങ്ങള്‍ക്കും തൂക്കകുറവ് ഉണ്ടായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ജംഗിപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍നിന്നാണ് നവജാത ശിശുക്കളെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കൊണ്ടുവന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഭാരക്കുറവുണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ 56 മണിക്കൂര്‍ എടുത്തതിനാല്‍ രക്ഷിക്കാന്‍ പ്രയാസമായിരുന്നു. രോഗികളുടെ പെട്ടെന്നുള്ള വര്‍ധന ഇതിനകം തന്നെ അമിതഭാരമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്- മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ മിക്ക കുട്ടികള്‍ക്കും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതായും 300-500 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. ഒരു കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രശസ്ത ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കണമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അമിത് ദാന്‍ പറഞ്ഞു.