കൊച്ചി - കേരളീയസമൂഹത്തെ ഞെട്ടിച്ചാണ് മുതിർന്ന ഇടതു നേതാവും പ്രമുഖ ട്രേഡ് യുണിയനിസ്റ്റും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്ര(73)ന്റെ വിടവാങ്ങൽ. പ്രമേഹരോഗം മൂർച്ഛിച്ചതിന് പിന്നാലെ കാൽപ്പാദം മുറിച്ചുമാറ്റി ചികിത്സയിലായിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്തയുണ്ടായത്.
ജീവിതത്തിലേക്കും പാർട്ടിയുടെ സജീവ രാഷ്ട്രീയ പോർമുഖത്തേക്കും മടങ്ങിവരാൻ പറ്റാത്ത ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലാ എന്നിരിക്കെയാണ് ജീവിതത്തിൽനിന്നുള്ള കാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ. ഇന്ന് വൈകുന്നേരം മൂന്നരയോടെ ഉണ്ടായ ശക്തമായ ഹൃദയാഘാതത്തെ തുടർന്ന് കാനത്തെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് അന്ത്യമുണ്ടായതെന്നാണ് വിവരം.
ചികിത്സയെ തുടർന്ന് കാനം പാർട്ടിയിൽ മൂന്നുമാസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ലീവ് അപേക്ഷ ചർച്ച ചെയ്ത പാർട്ടി സംസ്ഥാന നേതൃത്വം പാർട്ടി പദവി രാജിവെക്കേണ്ടതില്ലെന്ന ധാരണയിൽ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിനായി വിടുകയായിരുന്നു. ഈ വിഷയത്തിൽ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുമ്പേയാണ് അതിനൊന്നും കാത്തുനിൽക്കാതെയുള്ള കാനത്തിന്റെ വിടപറച്ചിൽ.
ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജനപക്ഷ വികാരങ്ങളെ നെഞ്ചേറ്റാനും തിരുത്തൽ രാഷ്ട്രീയം തുറന്നുപറയാനും കാനത്തിന് അശേഷം മടിയുണ്ടായിരുന്നില്ല. ഇടതു നയങ്ങളിൽനിന്നുള്ള വ്യതിയാനം തുറന്നുപറഞ്ഞ് പലപ്പോഴും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇടത് സർക്കാറിന്റെ യു.എ.പി.എ വേട്ടയും ലോക്പാൽ ബില്ല് അടക്കമുള്ളവയിലെ അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം ശക്തമായി അദ്ദേഹം ഉന്നയിച്ചു. ഇടതുരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനപക്ഷ രാഷ്ട്രീയം കൈയാളാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പൊതുദർശനം, സംസ്‌കാരം എപ്പോൾ, എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളിൽ കുടുംബവുമായി സി.പി.ഐ നേതൃത്വം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതേപോലെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള യാത്രയ്ക്ക് അവധി കൊടുക്കണമോ എന്നതടക്കമുള്ള കാര്യങ്ങളിലും ഉടനെ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.