Sorry, you need to enable JavaScript to visit this website.

ഇടത് രാഷ്ട്രീയത്തിന്റെ സൗമ്യമുഖം

നിലപാടുകളിലെ സ്ഥൈര്യം, വീക്ഷണത്തിലെ സുതാര്യത, ഓരോ വിഷയങ്ങളോടും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത, ഇടതു നയത്തിൽ നിന്ന് വ്യതിചലിക്കാത്ത അചഞ്ചലവും ആർജവമേറിയതുമായ സമീപനം. ഇതൊക്കെ നിശ്ചയമായും കാനം രാജേന്ദ്രനെ വ്യത്യസ്തനാക്കി.

 

നവയുഗം എഡിറ്റർ അജയനോട് കഴിഞ്ഞ ദിവസം ചോദിച്ചു: സെക്രട്ടറിക്കെങ്ങനെയുണ്ട്?. പൊതുവെ ക്ഷീണിതനാണ്. പ്രമേഹം മൂർഛിച്ച് പാദം മുറിച്ചുമാറ്റിയതിനെത്തുടർന്നൊക്കെയുള്ള പ്രശ്‌നങ്ങളുണ്ട്. നേരിട്ട് കാണാനും സംസാരിക്കാനും തുനിയുന്നത് വലിയ വിഷമമാണ്. കണ്ടുനിൽക്കാൻ പ്രയാസം.
ഊർജസ്വലനായി ഇത്രയും കാലം പ്രവർത്തിച്ച കാനത്തെ താനൊരു രോഗിയായി എന്ന തോന്നൽ മാനസികമായി തളർത്തിക്കാണണം. എങ്കിലും ഇത്ര പെട്ടെന്നുള്ള വിയോഗം പാർട്ടി പ്രവർത്തകർക്കും ഇടത് രാഷ്ട്രീയത്തിനും കേരളത്തിന്റെ പൊതുജീവിതത്തിനും വലിയ ആഘാതമായി എന്നത് സത്യമാണ്. കഴിഞ്ഞ മൂന്നുമാസമായി ചികിൽസയിലും വിശ്രമത്തിലുമായിരുന്നു അദ്ദേഹം. 
പാർലമെന്ററി രാഷ്ട്രീയത്തിന്റെ ആഡംബരങ്ങളോട് പ്രതിപത്തിയില്ലാത്ത നേതാവായിരുന്നു ചെറുപ്പം തൊട്ടേ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷകസംഘടനകളുടെ അമരക്കാരനായി മാറിയ കാനം. പാർട്ടി പിളർപ്പിനു ശേഷം സി.പി.ഐയെ സംബന്ധിച്ചേടത്തോളം ബാലികേറാമലയായിരുന്ന കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും കാനം രാജേന്ദ്രനും വിരലിലെണ്ണാവുന്ന സഖാക്കളും സഞ്ചരിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്. വാഴൂരിൽ നിന്ന് നിയമസഭാംഗമായ കാലത്താണ് കൺസ്ട്രക് ഷൻ വർക്കേഴ്‌സ് വെൽഫെയർ ബിൽ അദ്ദേഹം അവതരിപ്പിച്ചത്. കോട്ടയം കൂട്ടിക്കൽ ഗ്രാമത്തിൽ ജനിച്ച കാനം രാജേന്ദ്രൻ, കോട്ടയം സി.എം.എസ് കോളേജിൽ പഠിക്കുന്ന കാലത്ത് എ.ഐ.എസ്.എഫ് പ്രവർത്തകനായി പൊതുജീവിതമാരംഭിച്ചു. പ്ലാന്റേഷൻ തൊഴിലാളിയും എ.ഐ.ടി.യു.സി പ്രവർത്തകനുമായിരുന്ന അച്ഛനിൽ നിന്നാണ് വിപ്ലവരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുകയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി പിൽക്കാലത്ത് മാറുകയും ചെയ്യുന്നതിനു പിന്നിൽ യൗവനകാലത്തെ തോട്ടങ്ങളിലെ ജീവിതം കണ്ടറിഞ്ഞതും കാരണമാകണം. സംഘടനാരംഗത്ത് സജീവമാകുമ്പോൾ തന്നെ സൈദ്ധാന്തികമായും കാനം പാർട്ടി അണികളെ സദാ ബോധവാന്മാരാക്കി. സി.കെ. ചന്ദ്രപ്പന്റെ പിൻഗാമിയെന്ന നിലയിൽ കനത്ത ഉത്തരവാദിത്തവുമായാണ് അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി പദം വഹിച്ചുപോന്നത്. 
കാനം രാജേന്ദ്രൻ -കണിയാപുരം രാമചന്ദ്രൻ നേതൃദ്വയം അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എ.ഐ.വൈ.എഫ്) സംസ്ഥാന കമ്മിറ്റിയുടെ തലപ്പത്ത് തിളങ്ങി നിന്നിരുന്നപ്പോൾ അവർ ഒരിക്കൽ നയിച്ച കേരള ജാഥാംഗമായിരുന്നു ഈ ലേഖകനും.
കണിയാപുരം രാമചന്ദ്രന്റെ ഉജ്വല പ്രഭാഷണവും കാനത്തിന്റെ സരളമായ കോട്ടയം സ്ലാങ് സരസ ഭാഷണവും കേട്ട് ത്രില്ലടിച്ച ജാഥാ നാളുകൾ. അവരുടെ ആത്മാർത്ഥത, പാർട്ടി പ്രതിബദ്ധതുടങ്ങിയ  ഗുണങ്ങൾ എന്നെപ്പോലെ നിരവധി പേരെ അന്ന് ആ സംഘടനയിലേക്ക് ആകർഷിച്ച ഘടകങ്ങളിൽ ചിലതായിരുന്നുവെന്ന് തോന്നുന്നു.
തോപ്പിൽ ഗോപാലകൃഷ്ണൻ, സന്ധ്യാ രാജേന്ദ്രൻ  (നടൻ മുകേഷിന്റെ സഹോദരി), സനൽ ഇടമറുക്,  ഗീതാ നസീർ (എൻ.ഇ. ബലറാമിന്റെ മകൾ), ഗിരിജാ ജോർജ്, കെ.എൻ.എ ഖാദർ, ഗായകൻ വി.ടി. മുരളി,  ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, തെന്നിലാപുരം രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കറായിരുന്ന ജോസ് ബേബി, സത്യൻ മൊകേരി, ഇ.കെ. വിജയൻ .. നിരവധി മുഖങ്ങൾ ഇപ്പോൾ ഓർമയിൽ തെളിയുന്നു.
നിലപാടുകളിലെ സ്ഥൈര്യം, വീക്ഷണത്തിലെ സുതാര്യത, ഓരോ വിഷയങ്ങളോടും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത, ഇടത്നയത്തിൽ നിന്ന് വ്യതിചലിക്കാത്ത അചഞ്ചലവും ആർജവമേറിയതുമായ സമീപനം ഇതൊക്കെ നിശ്ചയമായും കാനം രാജേന്ദ്രനെ വ്യത്യസ്തനാക്കി.
പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ, ഇ.എം.എസ് എന്നിവരായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി രണ്ടാകും മുമ്പ് കേരള ഘടകത്തെ നയിച്ചവർ. പിന്നീട് എം.എൻ, എസ്. കുമാരൻ, എൻ.ഇ. ബലറാം, പി.കെ.വി, വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ എന്നിവർ സി.പി.ഐ
സെക്രട്ടറിമാരായി. ആ മഹാരഥന്മാർ അലങ്കരിച്ച കസേരയിൽ കാനത്തിനു രണ്ടാമൂഴമായിരുന്നു. ചന്ദ്രപ്പനായിരുന്നു എല്ലാ അർഥത്തിലും കാനത്തിനൊരു മാതൃക. അഭിപ്രായം തുറന്നുപറയാനും പാർ്ട്ടിയുടെ പൊതുവായ വികാരത്തോട് ചേർന്നുനിൽക്കാനും അദ്ദേഹം യത്‌നിച്ചു. അത് കൊണ്ടു തന്നെ വ്യക്തിപരമായ പല പ്രശ്‌നങ്ങളും പാർട്ടി കമ്മിറ്റികളുടേയും സമ്മേളനങ്ങളുടെയും സുഗമമായ പോക്കിന് തടസ്സം നിൽക്കുന്നുവെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം കാനം ഉറച്ച നിലപാടെടുത്തു. ഇത് പാർട്ടിയ്ക്കകത്ത് ചിലരുടെയെങ്കിലും നെറ്റി ചുളിപ്പിച്ചു. സ്ഥാനാർഥി നിർണയത്തിലും പാർട്ടി മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലുമെല്ലാം ഇ്ത് പ്രതിഫലിച്ചുവെങ്കിലും ജനാധിപത്യകേന്ദ്രിതമായ തീരുമാനങ്ങളിൽ നിന്ന് പിറകോട്ട് പോകാൻ കാനം തയാറായില്ല.  
ഇടത് രാഷ്ട്രീയത്തിന്റെ കേരളത്തിലെ ഏറ്റവും ഉജ്വലമായൊരു മുഖമാണ് കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ വേർപെട്ടുപോയത്. ഓർമകളിൽ ദീപ്തമായ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച് കടന്നുപോകുന്ന പ്രിയപ്പെട്ട സഖാവിന് റെഡ് സല്യൂട്ട്.  

Latest News