കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി- പറവൂരില്‍ കോടികള്‍ വില വരുന്ന രാസലഹരി പിടികൂടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പറവൂര്‍ വാണിയക്കാട് കുഴുപ്പിള്ളി വീട്ടില്‍ നിഖില്‍ പ്രകാശ് (30)നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഞായറാഴ്ച പറവൂര്‍ തത്തപ്പിള്ളിയിലെ വാടക വീട്ടില്‍ നിന്നും കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഒരു കിലോ എണ്ണൂറ്റിയെമ്പത്തിനാല് ഗ്രാം എം ഡി എം എയാണ് ഡാന്‍സാഫ് ടീമും പറവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നിധിന്‍ വിശ്വം, നിധിന്‍. കെ. വേണു, അമിത് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മുഖ്യ സൂത്രധാരനാണ് നിഖില്‍ പ്രകാശ്. 

രാസലഹരി കൊണ്ടുവരുന്നതിന് വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് ആദ്യം പോവുകയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കുകയും ചെയ്തത് ഇയാളാണ്. തുടര്‍ന്ന് കൂട്ടാളികള്‍ അവിടെയെത്തുകയും സെക്കന്റ് സെയിലില്‍ വാങ്ങിയ വാഹനത്തില്‍ ബാംഗ്ലൂര്‍ വഴി പറവൂരിലെത്തിക്കുകയുമാണ് ചെയ്തത്. 

ഹൃസ്വചിത്രം നിര്‍മ്മിക്കാനെന്നു പറഞ്ഞാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തിരുന്നത്. സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയായിരുന്നു ഇത്. കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘമാണ് പിടിയിലായവര്‍.

Latest News