Sorry, you need to enable JavaScript to visit this website.

പിണറായിക്കെതിരെ മത്സരിച്ച സി.രഘുനാഥ് കോൺഗ്രസ് വിട്ടു; സുധാകരനെതിരെ വിമർശനം

രഘുനാഥ് വാർത്താ സമ്മേളനത്തിൽ.

കണ്ണൂർ-കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ജില്ല കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് കോൺഗ്രസ് വിട്ടു. അഞ്ചു പതിറ്റാണ്ട് കാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്നും പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്നും രഘുനാഥ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോൾ വേട്ടക്കാരന്റെ മനസാണ്. പലരെയും അവർ ഇരകളായിക്കാണുന്നു. ഇര വീഴുമ്പോഴേ അവർക്ക് സംതൃപ്തിയുണ്ടാകൂ. വേട്ടക്കാരുടെ മുന്നിൽ വീണു കൊടുക്കാൻ ഞാൻ തയ്യാറല്ല. ചില കാര്യങ്ങളിൽ കെ.പി.സി.സിക്ക് പരാതി നൽകിയെ ങ്കിലും അവർ നിശബ്ദത പാലിച്ചു. കണ്ണൂർ ഡി.സി.സി നേതൃത്വവുമായി കുറച്ചുകാലമായി അഭിപ്രായഭിന്നതയുണ്ട്. ഒരു പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ പുതിയ പ്രശ്‌നം സൃഷ്ടിക്കാനാണ് അവർ എന്നും ശ്രമിച്ചത്. കോർപ്പറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്ന് പറഞ്ഞതോടെയാണ്
ഞാൻ അവരുടെ കണ്ണിലെ കരടായി മാറിയത്. ഡി.സി.സി ജനറൽ സെക്രട്ടറിയായ ഞാൻ യോഗത്തിൽ പങ്കെടുക്കാൻ ഓഫീസിലെത്തിയപ്പോൾ എനിക്ക് നേരെ കയ്യേറ്റ ശ്രമം വരെയുണ്ടായി. പക്വത, വിവരം, വിവേകം, വക തിരിവ്, സംസ്‌കാരം ഇതൊന്നുമില്ലാത്തവരാണ് ഡി.സി.സിയെ നയിക്കുന്നത്- രഘുനാഥ് തുറന്നടിച്ചു. ധർമ്മടത്ത് നടന്ന ജനവിചാരണ സദസിൽ എന്റെ സാന്നിധ്യമുണ്ടാകരുതെന്ന് പലർക്കും നിർബന്ധബുദ്ധിയുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് വേട്ടക്കാരന്റെ മനസ്സാണ്. പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല ഇപ്പോഴത്തെ കോൺഗ്രസ്. പാർട്ടിയുടെ ഡി.എൻ.എ തന്നെ മാറിയിരിക്കുന്നു.  ധർമടത്ത് ഗതികെട്ട് സ്ഥാനാർത്ഥിയാകേണ്ടി വന്നു. ഒരുതരത്തിലും പാർട്ടി സഹായം ഉണ്ടായില്ല.
കെ. സുധാകരൻ നിർബന്ധിച്ചത് കൊണ്ടാണ് അവിടെ മത്സരിച്ചത്. കെ. സുധാകരൻ കെ.പി.സി.സി  പ്രസിഡന്റായപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഒരു മാറ്റവും ഉണ്ടാക്കാൻ സുധാകരന് കഴിഞ്ഞില്ല. സുധാകരൻ വന്നതിന് ശേഷം കോൺഗ്രസ്സിൽ അഞ്ച് ഗ്രൂപ്പായി. ആരോടും പരിഭവമില്ലാതെയാണ് പടിയിറങ്ങുന്നത്. ആരെയും വ്യക്തിപരമായി വിമർശിക്കാനും തയ്യാറല്ല. കോൺഗ്രസിനകത്ത് ഇത്രയും കാലമായി സംശുദ്ധ പ്രവർത്തനം തന്നെയാണ് താൻ നടത്തിയത്. എന്റെ രാഷ്ട്രീയ പൊതുജീവിതം ഞാനിവിടെ അവസാനിപ്പിക്കുന്നില്ല. ഏത് പാർട്ടിയിലാണ് ചേരുകയെന്നത്  അടുത്തദിവസം തന്നെ പ്രഖ്യാപിക്കുമെന്നും രഘുനാഥ് സൂചന നൽകി.

Latest News