Sorry, you need to enable JavaScript to visit this website.

അറഫ പ്രസംഗം നിർവഹിക്കുക ശൈഖ് ഹുസൈൻ ആലുശൈഖ്

മക്ക - ഈ വർഷത്തെ ഹജിന് അറഫ പ്രസംഗം നിർവഹിക്കുന്നതിന് ശൈഖ് ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖിനെ ചുമതലപ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ സൽമാൻ രാജാവാണ് ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തിൽ മസ്ജിദ് നമിറയിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനും അറഫ ഉദ്‌ബോധന പ്രസംഗം നിർവഹിക്കുന്നതിനും ശൈഖ് ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖിനെ ചുമതലപ്പെടുത്തുന്നതിന് നിർദേശിച്ചതെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. 
വിഖ്യാത നവോത്ഥാന നായകനും പരിഷ്‌കർത്താവുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽവഹാബിന്റെ കുടുംബ പരമ്പരയിൽ പെട്ട ശൈഖ് ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിലവിൽ മസ്ജിദുന്നബവി ഇമാമും ഖത്തീബും മദീന കോടതി ജഡ്ജിയുമാണ്. റിയാദ് ശരീഅത്ത് കോളേജിൽ നിന്ന് ബിരുദവും ജുഡീഷ്യൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയ ഇദ്ദേഹം ഹിജ്‌റ 1411 ൽ നജ്‌റാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തൊട്ടടുത്ത വർഷം റിയാദ് ഹൈക്കോടതിയിലേക്ക് മാറ്റി. 1418 ൽ ആണ് മദീന ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഇതിനു ശേഷമാണ് മസ്ജിദുന്നബവി ഇമാമും ഖത്തീബുമായി രാജാവ് നിയമിച്ചത്. കഴിഞ്ഞ വർഷം ഉന്നത പണ്ഡിതസഭാംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ ശൈഖ് ഡോ. സഅദ് അൽശത്‌രി ആണ് അറഫ ഖുതുബ നിർവഹിച്ചത്. 2016 ൽ ഹറംകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആണ് അറഫ ഖുതുബ നിർവഹിച്ചത്. 
അതേസമയം, അറഫ ഖുതുബ തത്സമയം വിവർത്തനം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഹറംകാര്യ വകുപ്പ് പൂർത്തിയാക്കി. ഇതിനുള്ള ക്രമീകരണങ്ങൾ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേരിട്ട് വിലയിരുത്തി. ലോകമെങ്ങും അറഫ ഖുതുബയുടെ സന്ദേശം എത്തിക്കുന്നതിന് കഠിന പ്രയത്‌നം നടത്തുന്നതിന് വിവർത്തന പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നവരോട് ഹറംകാര്യ വകുപ്പ് മേധാവി ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ, ഉർദു, മലായ് എന്നീ അഞ്ചു ഭാഷകളിലേക്കാണ് അറഫ ഖുതുബ തത്സമയം വിവർത്തനം ചെയ്യുക. 
 

Latest News