ന്യൂഡൽഹി - ചോദ്യങ്ങൾക്കു പകരം കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം.പിക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപോർട്ടിൽ 30 മിനിറ്റ് ചർച്ചയ്ക്ക് സ്പീക്കറുടെ അനുമതി. മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമുള്ള എത്തിക്‌സ് കമ്മിറ്റി റിപോർട്ടാണ് സംഘപരിവാർ ആവശ്യാർത്ഥം സ്പീക്കർ ചർച്ചയ്ക്ക് വേദിയാക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ലോക്‌സഭ പുനരാരംഭിച്ചു.
ചർച്ചക്കപ്പുറം റിപോർട്ട് പഠിക്കാൻ മൂന്നുദിവസത്തെ സമയം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി സ്പീക്കർ അനുഭാവ പൂർണമായ തീരുമാനമെടുക്കുമോയെന്ന് പറയാറായിട്ടില്ല. ബി.ജെ.പി നേതാവ് വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കണമെന്ന 500 പേജുള്ള റിപോർട്ടാണ് തയ്യാറാക്കിയത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപോർട്ട് എത്തിക്‌സ് കമ്മിറ്റിയിൽ ബി.ജെ.പി പാസാക്കിയെടുത്തത്. ഇതേ തന്ത്രമാണ് അവർ സഭയിലും ആവർത്തിക്കുയെന്ന് ഉറപ്പാണ്.
'പാസ്‌വേർഡ് കൈമാറുന്നതിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണ് സഭാംഗം ചെയ്തതെന്നും അതിനാൽ മഹുവയെ പുറത്താക്കണമെന്നും ഇവർക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തണമെന്നുമാണ്' എത്തിക്‌സ് കമ്മിയുടെ റിപോർട്ടിലുള്ളത്.
മഹുവ മൊയ്ത്രയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നതിന് മുമ്പ് സമിതിയുടെ ശിപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ബഹുജൻ സമാജ് പാർട്ടി എം.പി ഡാനിഷ് അലി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളും റിപോർട്ടിനെ എതിർത്ത് രംഗത്തെത്തി.
അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എം.പിയുടെ പാർലമെന്ററി ലോഗിൻ ഐ.ഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെയുള്ളത്. എത്തിക്‌സ് കമ്മിറ്റിയുടെ ശിപാർശക്ക് അനുകൂലമായി സഭയിൽ വോട്ട് ചെയ്യിച്ച് മഹുവയെ പുറത്താക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. സഭക്കകത്തും പുറത്തും ബി.ജെ.പിക്കും മോഡി ഭക്തർക്കുമെതിരേ രൂക്ഷമായ പ്രതികരണങ്ങളിലൂടെ കേന്ദ്ര സർക്കാറിനെതിരെ തുറന്ന പോരാട്ടം നടത്തുന്ന വ്യക്തിയാണ് മഹുവ. ഇവരെ നിശബ്ദമാക്കി തങ്ങളുടെ ഹിഡൻ അജണ്ടകൾ സ്ഥാപിച്ചെടുക്കാനുള്ള വെറും മറ മാത്രമാണ് എത്തിക്‌സ് കമ്മിറ്റിയെന്നാണ് വിമർശം.