തിരുവനന്തപുരം - തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുന്ന വിവരം മരണദിവസം ഡോ. ഷഹ്ന സ്ത്രീധനം ആവശ്യപ്പെട്ട ഡോ. റുവൈസിന് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചുവെന്നും ഇത് ലഭിച്ചതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡോ. ഷഹ്നയുടെ ഫോണിൽ നിന്നും ഈ മെസേജ് അടക്കമുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. എന്നാൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായി പ്രതി ഡോ. റുവൈസ് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്ക് എത്താതായതോടെ, തിങ്കളാഴ്ച രാത്രിയാണ് ഡോ. ഷഹ്നയെ അബോധാവസ്ഥയിൽ ഫഌറ്റിൽ കണ്ടെത്തിയത്.
ഷഹ്നക്ക് അയച്ച മെസേജുകളെല്ലാം റുവൈസ് ഫോണിൽനിന്ന് മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഇവ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് എഫ്.ഐ.ആറിലുളളത്. ഡോ. റുവൈസും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം നൽകാനാകാത്തതിനാൽ വിവാഹ ബന്ധത്തിൽനിന്നും റുവൈസ് പിൻമാറിയതാണ് സുഹൃത്തായ ഡോ. ഷഹ്നയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തെളിവുകളും ഇരയുടെ കുടുംബത്തിന്റെ മൊഴികളുമെല്ലാം അടിസ്ഥാനമാക്കി, റുവൈസിനെ കൂടാതെ കേസിൽ കൂടുതൽ ബന്ധുക്കളെ പ്രതിചേർക്കാനുള്ള നീക്കത്തിലാണ് പോലീസ്. റുവൈസിനെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യംചെയ്യലിനു ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഉണ്ടാകുക.