കോഴിക്കോട് - സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ ക്ഷണിച്ചശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ചില കേന്ദ്രങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബിന്റെ പരിപാടി മാറ്റിയ നിലപാടിൽ വിമർശവുമായി മുതിർന്ന മാധ്യമപ്രവർത്തകനും ചന്ദ്രിക മുൻ പത്രാധിപസമിതി അംഗവും ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് മുൻ ഡെപ്യൂട്ടി ഡയരക്ടറുമായ ഖാദർ പാലാഴി.
സത്യത്തിൽ, അപമാനിക്കപ്പെട്ടത് ജിയോ ബേബി മാത്രമല്ല, എത്രയോ സംവാദങ്ങൾക്ക് വേദിയായ, വൈവിധ്യമാർന്ന ആശയങ്ങളും വിശ്വാസങ്ങളുമുള്ള അധ്യാപകരെ ഉൾക്കൊണ്ട ഫാറൂഖ് കോളജ് കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിയോ ബേബി അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടെ, ആ വിഷയം ഡിബേറ്റബ്ൾ ആണ്. പലയിടത്തും അതിന് കൗണ്ടർ ആർഗ്യുമെന്റുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, എം.എസ്.എഫ് ഇപ്പോൾ കാമ്പസിന് കൊടുത്ത സന്ദേശം അദ്ദേഹവും അദ്ദേഹത്തിന്റെ ആശയങ്ങളും ആർക്കും ചോദ്യംചെയ്യാനാവാത്ത ഭയങ്കര സംഭവമാണെന്നാണ്. ഇത് തെറ്റായ സന്ദേശമാണ്. എം.എസ്.എഫിന് ജിയോ ബേബിയെ കൗണ്ടർ ചെയ്യാവുന്ന മറ്റൊരാളെ വേദിയിൽ നിർദേശിക്കാമായിരുന്നു. ഏറ്റവും ചുരുങ്ങിയത്, എം.എസ്.എഫ് കോഴിക്കോട് കടപ്പുറത്ത് എം.എൽ.എഫ് നടത്തിയ ഹുദവികളെ കണ്ട് പഠിക്കണമെന്നും അവർ ഇവരൊക്കെ ഞങ്ങൾക്ക് പുല്ലാണ് എന്ന രീതിയിൽ 74 വേദികളിൽ കമ്മ്യൂണിസ്റ്റുകളെയും നാസ്തികരേയും ലിബറലുകളേയും ഫെമിനിസ്റ്റുകളേയുമൊക്കെ അണിനിരത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണ രൂപം:
ഫാറൂഖ് കോളജും MSFഉം
അപമാനിക്കപ്പെട്ടത് ജിയോ ബേബി മാത്രമല്ല, എത്രയോ സംവാദങ്ങൾക്ക് വേദിയായ, വൈവിധ്യമാർന്ന ആശയങ്ങളും വിശ്വാസങ്ങളുമുള്ള അദ്ധ്യാപകരെ ഉൾക്കൊണ്ട ഫാറൂഖ് കോളജ് കൂടിയാണ്. യഥാർത്ഥത്തിൽ ഈ ഉൾക്കൊള്ളലായിരുന്നു ഫാറൂഖ് കോളജിന്റെ ധാർമികത. എന്നിട്ടും കോളജ് യൂണിയന് ബുദ്ധി ഉപദേശിക്കാൻ ഒരുത്തനുമുണ്ടായില്ല എന്നത് സങ്കടകരമാണ്. ജിയോ ബേബിയായാലും ആരായാലും അവർ പറയുന്നതിനെ കൗണ്ടർ ചെയ്യുന്ന ഓഡിയൻസാണ് ഇന്നിന്റെ ഒരു പ്രത്യേകത. ഇനി അതിന് കഴിവുള്ളവരില്ലെന്ന് തോന്നിയാൽ എം.എസ് എഫിന് മറ്റൊരാളെ വേദിയിൽ നിർദ്ദേശിക്കുകയുമാകാമായിരുന്നു.
ജിയോ ബേബി പറഞ്ഞു വരുന്ന നിലപാടുകൾ ഡിബേറ്റബിൾ ആണ്. പലയിടത്തും അതിന് കൗണ്ടർ ആർഗ്യുമെന്റുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എം.എസ്.എഫ് ഇപ്പോൾ കാമ്പസിന് കൊടുത്ത സന്ദേശം അദ്ദേഹവും അദ്ദേഹത്തിന്റെ ആശയങ്ങളും ആർക്കും ചോദ്യം ചെയ്യാനാവാത്ത ഭയങ്കര സംഭവമാണ് എന്നാണ്. എം.എസ്.എഫ് ഏറ്റവും ചുരുങ്ങിയത് മലബാർ ലിറ്ററേച്ചർ ഫെസ്റ്റ് നടത്തിയ ഹുദവികളെയെങ്കിലും കണ്ട് പഠിക്കണം. ഇവരൊക്കെ ഞങ്ങൾക്ക് പുല്ലാണ് എന്ന രീതിയിലാണ് അവർ 74 വേദികളിൽ കമ്മ്യൂണിസ്റ്റുകാരേയും നാസ്തികരേയും ലിബറലുകളേയും ഫെമിനിസ്റ്റുകളേയുമൊക്കെ അണിനിരത്തിയത്. സുപ്പീരിയോറിട്ടി കോംപ്ലക്‌സും ഒരു യോഗ്യതയാണ്. ഫാറൂഖ് കോളജ് യൂണിയന് ഇല്ലാതെ പോയത് അതാണ്.