തിരുവനന്തപുരം - നേരത്തെയുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയശേഷം താൻ പുനർ വിവാഹം ചെയ്തിട്ടുണ്ടെന്നും സന്തോഷത്തോടെ തിരുവനന്തപുരത്താണ് കഴിയുന്നതെന്നും ഡോ. ഹാദിയ പറഞ്ഞു. 'അഖില എന്ന മകൾ ഹാദിയായ ശേഷം അതീവ രഹസ്യമായി പുനർവിവാഹം നടത്തിയെന്നും ആരുടെയോ കെണിയിലാണെന്നും' ആരോപിച്ച് വൈക്കം സ്വദേശിയായ അച്ഛൻ അശോകൻ രംഗത്തുവന്നതിന് പിന്നാലെയാണ് നേരത്തെ മലപ്പുറത്ത് ഹോമിയോ ക്ലിനിക് നടത്തിയിരുന്ന ഡോ. ഹാദിയയുടെ പ്രതികരണം.
 മകൾ എവിടെയാണെന്ന് അറിയില്ലെന്ന അച്ഛന്റെ പുതിയ ഹേബിയസ് കോർപസിൽ വസ്തുതയില്ലെന്നും ഡോ. ഹാദിയ വ്യക്തമാക്കി. താൻ പുനർ വിവാഹം നടത്തിയ കാര്യം അച്ഛന് അറിയാമെന്നും താനും തന്റെ ഭർതൃമാതാവും അച്ഛനുമായി ഇവ്വിഷയങ്ങളെല്ലാം ഫോണിൽ സംസാരിച്ചതാണെന്നും അവർ പറഞ്ഞു. 
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
 പ്രായപൂർത്തിയായ ഒരു വ്യക്തി എന്ന നിലയ്ക്ക് വിവാഹം എന്റെ ചോയ്‌സാണെന്നും ഇത് ഏതെങ്കിലും സംഘടനയുടെ തീരുമാനമനുസരിച്ച് നടത്തിയതല്ലെന്നും താൻ പുതിയ കുടുംബജീവിതത്തിൽ വളരെ സംതൃപ്തയാണെന്നും അവർ വിശദീകരിച്ചു. ആദ്യത്തെയും രണ്ടാമത്തെയും വിവാഹങ്ങളെല്ലാം എന്റെ തിരഞ്ഞെടുപ്പുകളാണ്. എന്റേതായ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ കാരണം ഇല്ലാതാകുന്നത്. കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മാറിയിട്ടുണ്ട്. മലപ്പുറത്തെ ക്ലിനിക്ക് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പുതിയത് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. തന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ ആളുകൾ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നതെന്നും അച്ഛനെ ഇപ്പോഴും സംഘപരിവാർ ആയുധമാക്കുകയാണെന്നും ഇതിൽ സങ്കടമുണ്ടെന്നും അവർ പറഞ്ഞു. 
 അച്ഛനും അമ്മയുമായി നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛൻ ഇല്ലാത്ത കാര്യം പറഞ്ഞ് കേസ് കൊടുക്കുകയാണ്. മുമ്പ് സുപ്രിംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണ് ചെയ്തത്. പ്രായപൂർത്തിയായ ഒരു സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യമാണ് കോടതി പൂർണമായും അംഗീകരിച്ചുതന്നത്. ആ സമയത്ത് ഷെഫിൻ ജഹാനെ കല്യാണം കഴിച്ചിരുന്നു. അതു കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നീട് ബന്ധം മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തിൽ ഞങ്ങൾ രണ്ടുപേരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഒരു വക്കീലിനെ കണ്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും വിവാഹിതയായത്.
 അതേക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. വേർപിരിയാനും പുനർവിവാഹം ചെയ്യാനും എല്ലാവരെയും ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാൻ ചെയ്യുമ്പോൾ മാത്രം എല്ലാവരും എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്? പ്രായപൂർത്തിയായ ഒരു സ്ത്രീയാണ് ഞാൻ. എനിക്ക് എന്റേതായ തീരുമാനമെടുക്കാനുള്ള പ്രായവും പക്വതയുമുണ്ട്. അതനുസരിച്ചാണ് വിവാഹബന്ധം വേർപ്പെടുത്തിയതും പറ്റിയ ഒരാളെ വീണ്ടും വിവാഹം കഴിച്ചതും. ഞാൻ സുരക്ഷിതയായി ഇസ്‌ലാമിക ജീവിതം നയിക്കുന്നു. അത് ഏറ്റവും നന്നായി എന്റെ മാതാപിതാക്കൾക്ക് അറിയാം. പോലീസിനും സ്‌പെഷൽ ബ്രാഞ്ചിനുമെല്ലാം അത് അറിയാം. അവരെല്ലാം എന്നെ വിളിക്കാറുമുണ്ട്. അതിൽ ഇനി എന്തിനാണ് വ്യക്തത ആവശ്യമുള്ളതെന്ന് അറിയില്ലെന്നും തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും ഹാദിയ വ്യക്തമാക്കി.

 
                                     
                                     
                                    





 
  
 