ഗാസ- ഇസ്രായില്‍ ടാങ്കില്‍നിന്നുള്ള വെടിവെപ്പലാണ് ലബനാനില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ്. ഒക്‌ടോബര്‍ 13ന് ലെബനനില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസ്സാം അബ്ദല്ല കൊല്ലപ്പെട്ടതും എഎഫ്പി റിപ്പോര്‍ട്ടര്‍ ക്രിസ്റ്റീന അസ്സിക്ക് പരിക്കേറ്റതും ഇസ്രായിലില്‍നിന്നുള്ള രണ്ട് ഷെല്ലുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്നാണെന്ന് വാര്‍ത്താ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
എട്ട് മാധ്യമങ്ങളില്‍നിന്നുള്ള മണിക്കൂറുകളോളമുള്ള വീഡിയോ ഫൂട്ടേജ് അവലോകനം ചെയ്യുകയും ദൃശ്യങ്ങളില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് സ്ഥിരീകരണം. ആയുധങ്ങള്‍ പരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ നെതര്‍ലാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അപ്ലൈഡ് സയന്റിഫിക് റിസര്‍ച്ചിന് തെളിവുകള്‍ കൈമാറിയിരുന്നു.
ആക്രമണത്തില്‍ രണ്ട് അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും പ്രത്യേക അന്വേഷണങ്ങള്‍, ഒക്‌ടോബര്‍ 13 ന് അതിര്‍ത്തിക്കടുത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രായില്‍ സൈന്യം പീരങ്കി ഷെല്ലുകള്‍ ഉതിര്‍ത്തുവെന്നും സിവിലിയന്‍മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണിതെന്നും കണ്ടെത്തി.






