ഗാസ- ഒക്‌ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ആകെ എണ്ണം 17,177 ആണെന്നും 46,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 350 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ഗാസയിലെ സാധാരണക്കാര്‍ക്ക് അഭയം നല്‍കുന്ന ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍അവ്ദ പള്ളിയില്‍ ഇസ്രായില്‍ സൈന്യം ആക്രമണം നടത്തി.
ആക്രമണത്തിനിരയായവരെ രക്ഷിക്കാന്‍ ആളുകള്‍ സ്ഥലത്തേക്ക് കുതിക്കുന്നതും ആകാശത്തേക്ക് കനത്ത പുക ഉയരുന്നതുമായ വീഡിയോ പുറത്തുവന്നു. മറ്റൊരു ആക്രമണത്തില്‍, ഇസ്രായില്‍ സൈന്യം ഗാസയിലെ പഴയ നഗരത്തിലെ പുരാതന ഉസ്മാന്‍ ബിന്‍ കഷ്ഖര്‍ മസ്ജിദും അടിച്ചു തകര്‍ത്തു. ഗാസ മുനമ്പിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായിരുന്നു ഇത്.