ഗാസ- ഇസ്രായില്‍ യുദ്ധ കാബിനറ്റ് അംഗത്തിന്റെ മകന്‍ ഗാസയില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ പേരുകള്‍ ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചപ്പോഴാണ് നിലവില്‍ വകുപ്പില്ലാ മന്ത്രിയായും അഞ്ച് പേരുള്ള ഇസ്രായില്‍ യുദ്ധ കാബിനറ്റില്‍ നിരീക്ഷകനായും സേവനമനുഷ്ഠിക്കുന്ന ഗാഡി ഐസന്‍കോട്ടിന്റെ മകനും മരിച്ചതായ വിവരം പുറത്തുവന്നത്. ഗാസയില്‍ ഇസ്രായില്‍ കരയാക്രമണം ആരംഭിച്ചതിന് ശേഷം 90 ഇസ്രായിലി സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടു.