ലിസ്ബണ്‍- ലോകത്തെ വ്യത്യസ്ത, മത സാസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സംവാദവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍വന്ന ഇന്റര്‍നാഷണല്‍ ഡയലോഗ് സെന്ററില്‍നിന്ന് (ക.എ.ഐ.സി.ഐ.ഐ.ഡി) 70 ബിരുദധാരികള്‍ കൂടി പഠനം പൂര്‍ത്തിയാക്കി. 37 രാജ്യങ്ങളില്‍നിന്നുള്ള 70 പേരുടെ ബിരുദദാനമാണ് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നത്.
ഇന്റര്‍നാഷണല്‍, അറബ്,ആഫ്രിക്കന്‍ കോഹോര്‍ടസ് പ്രോഗ്രാമാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡയലോഗ് സെന്റര്‍ സെക്രട്ടറി ജനറല്‍ ഡോ. സുഹൈര്‍ അല്‍ ഹാരിഥിയും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ബിരുദദാന ചടങ്ങില്‍ സംബന്ധിച്ചു.
പരിശീലന ശില്‍പശാലകള്‍, ഡയലോഗ് സെഷനുകള്‍, ലിസ്ബണിലെ വിവിധ മത കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവ ബിരുദദാന ചടങ്ങിന് മുന്നോടിയായി നടന്നു. പരസ്പര ധാരണയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനുമുള്ള പാലങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകുന്ന വൈവിധ്യപൂര്‍ണമായ സംഭാഷണ സംരംഭങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. പഠന വേളയിലെ അനുഭവങ്ങളും അവര്‍ പങ്കുവെച്ചു.
പുതിയ ബിരുദധാരികളുടെ സര്‍ഗാത്മകതയിലും നേട്ടങ്ങളിലും അഭിമാനിക്കുന്നുവെന്നും ഒരു വര്‍ഷം നീണ്ട പഠനത്തിലും ജോലിയിലും യാത്രകളിലും സമൂഹത്തെ സേവിക്കുന്നതില്‍ അവരുടെ പ്രതിബദ്ധതയും പ്രചോദനവുമാണ് പ്രതിഫലിപ്പിക്കപ്പെട്ടതെന്നും ഡോ. സുഹൈല്‍ പറഞ്ഞു. അവരവരുടെ പ്രാദേശിക കമ്മ്യൂണിറ്റികളില്‍ സമാധാനവും സമൃദ്ധിയും വളര്‍ത്താന്‍ ഈ ബിരുദധാരികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് 2015ല്‍ ഡയലോഗ് സെന്റര്‍ ആരംഭിച്ച ഫെലോ പ്രോഗ്രാം. വ്യക്തിഗത പരിശീലനങ്ങളിലൂടെ മതപരവും സാംസ്‌കാരികവുമായ സംഭാഷണങ്ങളും സംവാദങ്ങളും വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായ നേതാക്കളുടെ ശൃംഖല കെട്ടിപ്പടുക്കുന്നതിനാണ് ഈ കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിദ്വേഷ പ്രസംഗം, അക്രമാസക്തമായ തീവ്രവാദം തുടങ്ങി ലോകം നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ സംവാദ വൈദഗ്ധ്യമുള്ള നൂറുകണക്കിന് പ്രതിഭകള്‍ ഇതിനകം ഈ പ്രോഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്. 86 രാജ്യങ്ങളില്‍നിന്നുള്ളവരാണ് പരിശീലനം പൂര്‍ത്തിയാക്കി സേവന രംഗത്തുള്ളത്. അറബ് മേഖല, ആഫ്രിക്ക, യൂറോപ്പ്, തെക്ക്, തെക്ക്കിഴക്കന്‍ ഏഷ്യ, ലാറ്റിനമേരിക്ക എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര,പ്രാദേശിക കൂട്ടായ്മകളുടെ ഭാഗമാകാന്‍ ഇവര്‍ക്കു കഴിയും.