കിണറ്റില്‍ വീണ പുലിയെ രക്ഷിക്കുന്നതില്‍ അലംഭാവം: ഡി.എഫ്.ഒ അന്വേഷണം തുടങ്ങി

കണ്ണൂര്‍- ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുലി ചത്ത സംഭവത്തില്‍ കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌കാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്താന്‍ താമസിപ്പിച്ചെന്നാരോപിച്ച് പെരിങ്ങത്തൂര്‍ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായ ഹമീദ് കിടഞ്ഞി നല്‍കിയ പരാതിയിലാണ് അന്വേഷണം. സംഭവത്തില്‍ കണ്ണവം റേഞ്ച് ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പുലിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് വിജിലന്‍സ് വിങിന് ഹമീദ് പരാതി നല്‍കിയത്.
അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരനില്‍നിന്നു മൊഴിയെടുത്തു.
കിണറ്റില്‍നിന്ന് പുലിയുടെ കഴുത്തില്‍ കയര്‍ കുരുക്കി വലയിലാക്കുകയും കിണറ്റിന്റെ മധ്യഭാഗത്ത് എത്തിച്ച് മയക്കുവെടി വെക്കുകയും ചെയ്തിരുന്നു. മുകളിലെത്തിച്ച് വീണ്ടും മയക്കാനുള്ള കുത്തിവെപ്പ് നടത്തി. 18 മണിക്കൂറോളം കിണറ്റില്‍ അകപ്പെട്ട പുലിക്ക് ഒരുവിധ പരുക്കും ഉണ്ടായിട്ടില്ല. മയക്കുവെടി വെക്കുന്നതുവരെ പുലി ശൗര്യം കാണിച്ചതായും സമയബന്ധിതമായി ചികിത്സ കിട്ടിയില്ലെന്നും തലേന്ന് രാത്രി കിണറ്റില്‍ വീണ പുലിയെ പിറ്റേന്ന്  ഉച്ചക്ക് മുമ്പ്  പുറത്തെടുക്കാന്‍ ശ്രമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണ സംഘം പുലി കിണറ്റില്‍ വീണ പരിസരവും സന്ദര്‍ശിച്ചു. കഴിഞ്ഞ 29നാണ് അണിയാരം മലാല്‍ സുനീഷിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റില്‍ പുലി വീണത്. പുലി ചത്ത സംഭവത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തു വന്നിരുന്നു.

 

Latest News