ആറ് പശുക്കള്‍, 16 നായ, 20 ഫാന്‍സി കോഴി... പത്മകുമാറിന്റെ ഫാമിലെ ജീവനക്കാരി വലയുന്നു

കൊല്ലം- പൂയപ്പള്ളിയില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പത്മകുമാറും കുടുംബവും അകത്തായതോടെ പുലിവാല് പിടിച്ചത് അയാളുടെ  ചിറക്കരയിലെ ഫാം നോക്കിനടത്തിയ ജീവനക്കാരി. പത്മകുമാര്‍ തമിഴ്‌നാട്ടിലേക്ക് കടന്നത് മുതല്‍ ഫാമിലെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് ജീവനക്കാരിയാണ്. നിര്‍ധന കുടുംബാംഗമായ തനിക്ക് ഇനി ചെലവ് താങ്ങാനാകില്ലെന്ന് ജീവനക്കാരി പറയുന്നു.
പത്മകുമാറിന്റെ മകള്‍ അനുപമയും മൃഗസ്നേഹിയാണ്. അടുത്തിടെ തെരുവുപട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെ ധനസമാഹരണം നടത്താനും അനുപമ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നായയുമായുള്ള ചിത്രങ്ങളും അനുപമ പങ്കുവയ്ക്കാറുണ്ട്. ആറരയേക്കറോളം വിശാലമായ ഫാമില്‍ 6 പശുക്കളും 16 ഓളം നായകളും 20 ഫാന്‍സി കോഴികളുമുണ്ട്. പശുക്കള്‍ക്ക് മാത്രം ദിവസം ആയിരം രൂപയുടെ തീറ്റി കുറഞ്ഞത് വേണം. കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഷീബ ജോലി തുടരുകയാണ്. പത്മകുമാര്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും. അതുവരെ വളര്‍ത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടയാളുടേത് ആയതിനാല്‍ പോലീസ് രേഖമൂലം ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

 

Latest News