റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിനും റിയാദ് അല്‍യെമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ച് വിശദമായ ചര്‍ച്ച നടത്തി. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ കരങ്ങളാല്‍ മൂന്നാമത് സൗദി രാഷ്ട്രം സ്ഥാപിതമായ ശേഷം സൗദി അറേബ്യയെ ലോകത്ത് ആദ്യമായി അംഗീകരിച്ച രാജ്യം റഷ്യയാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരവും ശക്തവുമായ ബന്ധങ്ങളാണുള്ളതെന്നും റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ സൗദി കിരീടാവകാശി പറഞ്ഞു.
നിരവധി താല്‍പര്യങ്ങള്‍ സൗദി അറേബ്യയും റഷ്യയും പങ്കുവെക്കുന്നു. റഷ്യയുടെയും സൗദി അറേബ്യയുടെയും മധ്യപൗരസ്ത്യദേശത്തിന്റെയും ലോകത്തിന്റെയും താല്‍പര്യത്തിന് നിരവധി പ്രശ്‌നങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഊര്‍ജ, കാര്‍ഷിക, വാണിജ്യ വിനിമയ, നിക്ഷേപ മേഖലകളില്‍ അടക്കം ഏഴു വര്‍ഷത്തിനിനിടെ ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഏകോപനവും സഹകരണവും മധ്യപൗരസ്ത്യദേശത്തെ നിരവധി സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, രാഷ്ട്രീയ സഹകരണങ്ങള്‍ മധ്യപൗരസ്ത്യദേശത്തും ലോകത്തും സുരക്ഷ വര്‍ധിപ്പിക്കും. സൗദി അറേബ്യയുടെയും റഷ്യയുടെയും മേഖലയുടെയും ലോകത്തിന്റെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇരു രാജ്യങ്ങള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി അവസരങ്ങളുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യത്യസ്ത മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ വിശകലനം ഇരുവരും ചെയ്തു. റഷ്യന്‍ പ്രസിഡന്റിന്റെയും സൗദി കിരീടാവകാശിയുടെയും നേതൃത്വത്തില്‍ നടത്തിയ വിശദമായ ചര്‍ച്ചക്കും കൂടിക്കാഴ്ചക്കു ശേഷം വഌഡ്മിര്‍ പുട്ടിനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വകാര്യ ചര്‍ച്ചയും നടത്തി.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ റഷ്യ സന്ദര്‍ശനത്തിന് പുട്ടിന്‍ ക്ഷണിച്ചു. രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ സൗദി അറേബ്യയുമായി റഷ്യക്ക് ശക്തമായ ബന്ധങ്ങളാണുള്ളതെന്ന് പുട്ടിന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫലസ്തീന്‍, ഇസ്രായില്‍ സംഘര്‍ഷം വിശകലനം ചെയ്തതായി ക്രെംലിന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഒപെക് പ്ലസ് കൂട്ടായ്മയുടെ ഭാഗമായ സഹകരണവും റഷ്യന്‍ പ്രസിഡന്റും സൗദി കിരീടാവകാശിയും വിശകലനം ചെയ്തതായും ക്രെംലിന്‍ പറഞ്ഞു.
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, റഷ്യയിലെ സൗദി അംബാസഡര്‍ അബ്ദുറഹ്മാന്‍ അല്‍അഹ്മദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.