ടെല്‍ അവീവ്- ഹമാസിന്റെ അഞ്ച് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രായില്‍. ഹമാസിന്റെ 11 മുതിര്‍ന്ന നേതാക്കളുടെ ഫോട്ടോ പുറത്തുവിട്ട് അതില്‍ കൊലപ്പെടുത്തിയവരെ അടയാളപ്പെടുത്തിയാണ് ഇസ്രായില്‍ ഇക്കാര്യം അറിയിച്ചത്.
ഹമാസിന്റെ ഏരിയല്‍ ഡിവിഷന്‍ മേധാവി, രണ്ട് ബറ്റാലിയന്‍ കമാന്‍ഡര്‍മാര്‍, ഒരു ബ്രിഗേഡ് കമാന്‍ഡര്‍, ഒരു ഡെപ്യൂട്ടി ബ്രിഗേഡ് കമാന്‍ഡര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രായില്‍ സൈന്യം പറയുന്നത്. വടക്കന്‍ ഗാസ നഗരമായ ബെയ്റ്റ് ലാഹിയയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് സമീപമുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു താഴെയുള്ള തുരങ്കത്തില്‍ കഴിയവെയാണ് സംഘത്തിന്റെ ഫോട്ടോ എടുത്തതെന്നാണ് ഇസ്രായില്‍ പറയുന്നത്. എന്നാല്‍ ഫോട്ടോ എടുത്തത് ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ എടുത്ത കൃത്യമായ തിയ്യതിയോ സ്ഥലമോ ഉള്‍പ്പെടെയുള്ളവ സ്വതന്ത്രമായി പരിശോധിക്കാനായിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമങ്ങള്‍ വ്യക്തമാക്കിയത്.
ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ ഇസ്രായേല്‍ വധിച്ചുവെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. എന്നാല്‍ എല്ലാവരുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അബു അനസ് എന്നറിയപ്പെടുന്ന വടക്കന്‍ ഗാസ സൈനിക മേധാവി അഹമ്മദ് അല്‍-ഗണ്ടൂര്‍, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വെയ്ല്‍ റജബ് എന്നിവരുള്‍പ്പെടെ ചിത്രത്തിലെ മൂന്ന് പുരുഷന്മാരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. മറ്റൊരാള്‍ ഹമാസ് ബറ്റാലിയന്‍ കമാന്‍ഡറായിരുന്ന റാഫേത് സല്‍മാന്‍ ആയിരുന്നു. നവംബറില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വക്താവ് അല്‍ ഗണ്ടൂര്‍ ഒളിച്ചിരുന്ന ഭൂഗര്‍ഭ സൈറ്റില്‍ തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതായി പറഞ്ഞിരുന്നു.
ഹമാസ് നേതാക്കള്‍ ഉള്‍പ്പെട്ട ഫോട്ടോ പുറത്തുവിടാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല.