Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വംശജന്‍ ഡോ. സമിര്‍ ഷാ ബി. ബി. സി ചെയര്‍മാന്‍

ലണ്ടന്‍- ഇന്ത്യന്‍ വംശജനായ ഡോ. സമിര്‍ ഷായെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബി. ബി. സിയുടെ ചെയര്‍മാനായി നിയമിച്ചു. മുന്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവെച്ചതിനെ തുടര്‍ന്നാണ് മാധ്യമ രംഗത്ത് 40 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള സമിര്‍ ഷായെ നിയമിച്ചത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവെച്ചത്.

മാധ്യമ രംഗത്ത് പരിചയസമ്പന്നനായ ഡോ. സമിര്‍ ഷായുടെ നിയമനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യു. കെ സാംസ്‌കാരിക മന്ത്രി ലൂസി ഫ്രേസര്‍ പറഞ്ഞു.

വെല്ലുവിളികളും അവസരങ്ങളും നേരിടാന്‍ ബി. ബി. സിക്ക് ആവശ്യമായ പിന്തുണ അദ്ദേഹം നല്‍കുമെന്ന് തനിക്ക് സംശയമില്ലെന്നും ബി. ബി. സിയെ കുറിച്ചുള്ള ഷായുടെ അറിവും ദേശീയ ബ്രോഡ്കാസ്റ്റര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്കിലുള്ള വിശ്വാസവും പ്രക്ഷേപണത്തിലെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളും ബി. ബി. സിക്ക് ഗുണകരമാകുമെന്നും ലൂസി ഫ്രേസര്‍ പറഞ്ഞു.

മത്സര വിപണിയില്‍ പ്രേക്ഷകരിലേക്ക് കൂടുതലെത്താനുള്ള കടമ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബ്രിട്ടന്റെ ആഗോള സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ബി. ബി. സിയെന്നും  സമിര്‍ ഷാ പറഞ്ഞു'.

ഔറംഗബാദില്‍ ജനിച്ച സമിര്‍ ഷാ 1960ലാണ് ഇംഗ്ലണ്ടിലെത്തിയത്. നേരത്തെ ബി. ബി. സിയിലെ സമകാലിക കാര്യങ്ങളുടെയും രാഷ്ട്രീയ പരിപാടികളുടെയും തലവനായിരുന്നു. സ്വതന്ത്ര ടെലിവിഷന്‍, റേഡിയോ പ്രൊഡക്ഷന്‍ കമ്പനിയായ ജൂനിപ്പറിന്റെ സി. ഇ. ഒയും ഉടമയുമായ ഷാ 2007നും 2010നും ഇടയില്‍ ബി. ബി. സിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News