കോഴിക്കോട് - കോതിപ്പാലം ബീച്ചിൽ കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങിമരിച്ചു. കോഴിക്കോട്ട് ഓട്ടോ ഡ്രൈവറായ കോതിപ്പാലം ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടികൾ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കുട്ടികൾ മുങ്ങുന്നത് കണ്ട ഉടനെ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി കുതിക്കുകയായിരുന്നു. ഉടനെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ഒരാൾ കൂടി തിരയിൽപ്പെട്ട വിവരം അറിഞ്ഞത്. മേഖലയിൽ വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് ബീച്ചിനരികിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.