Sorry, you need to enable JavaScript to visit this website.

ജമ്മുകശ്മീര്‍ സംവരണ ബില്‍ ലോക്‌സഭ പാസ്സാക്കി, നിയമസഭ സീറ്റുകളിലും സംവരണം കൂട്ടി

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ നിയമസഭ, സര്‍ക്കാര്‍  ജോലികള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംവരണം നടപ്പാക്കുന്നതിനുള്ള  ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ എന്നിവ ലോക്‌സഭ പാസാക്കി. കഴിഞ്ഞ ജൂലൈ 26ന്് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 2004ലെ ജമ്മുകശ്മീര്‍ സംവരണ നിയമം ഭേദഗതി ചെയ്യുന്നതാണ് ജമ്മുകശ്മീര്‍ സംവരണ (ഭേദഗതി) ബില്‍.
പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് തൊഴിലിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും സംവരണം ബില്‍ ശിപാര്‍ശ ചെയ്യുന്നു. 2004ലെ നിയമപ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന മറ്റു വിഭാഗങ്ങള്‍ എന്നത് ജമ്മുകശ്മീരില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍, യഥാര്‍ഥ നിയന്ത്രണ രേഖയോടും അന്താരാഷ്ട്ര അതിര്‍ത്തിയോടും ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ദുര്‍ബലരും അദര്‍ പ്രിവിലേജ്ഡ് സാമൂഹിക വിഭാഗങ്ങള്‍ എന്നിവയായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, ബില്‍  സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വിജ്ഞാപനം ചെയ്യുന്ന മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നാക്കി മാറ്റുകയും ദുര്‍ബലരും അധഃസ്ഥിതരുമായ വിഭാഗങ്ങളുടെ നിര്‍വചനം ഇല്ലാതാക്കുകയും ചെയ്യുന്നു.
2019ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം ഭേദഗതി ചെയ്യുന്നതാണ് ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023. 2019ലെ നിയമം ജമ്മു കശ്മീരിലെ നിയമസഭയിലെ സീറ്റുകളുടെ എണ്ണം 83 ആയാണ്  നിര്‍വചിച്ചത്. ഇതില്‍  പട്ടികജാതി വിഭാഗങ്ങള്‍ക്ക് 6 സീറ്റുകള്‍ സംവരണം ചെയ്തിരുന്നു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ സീറ്റുകള്‍ നല്‍കിയിരുന്നില്ല. ഇത് ഭേദഗതി ചെയ്ത് 7 സീറ്റുകള്‍ പട്ടിക ജാതിക്കും ഒമ്പത് സീറ്റുകള്‍ പട്ടിക വര്‍ഗത്തിനും സംവരണം ചെയ്യുന്നു. മൊത്തം സീറ്റുകളുടെ എണ്ണം 90 ആയി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കശ്മീരി കുടിയേറ്റ സമൂഹത്തില്‍നിന്ന് രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുകയും ചെയ്യുന്നുണ്ട്.

 

Latest News