Sorry, you need to enable JavaScript to visit this website.

പാഠപുസ്തകങ്ങളിൽനിന്ന് ഭാരതം പതിയെ മാറും; സൂചനയുമായി കേന്ദ്രം

ന്യൂദൽഹി- എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്നത് സാവധാനം നീക്കം ചെയ്യുന്നത് തുടരുമെന്ന സൂചന നൽകി കേന്ദ്ര സർക്കാർ. കോളനി വാഴ്ചക്കാലത്തെ മാനസികാവസ്ഥയിൽ നിന്നും പൊതുവിൽ മാറി ഇന്ത്യൻ ഭാഷകളിലുള്ള പേരുകൾ ഉപയോഗിക്കാനാണ് എൻ.സി.ഇ.ആർ.ടി ഊന്നൽ നൽകുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി അന്നപൂർണ്ണ ദേവി രാജ്യസഭയിൽ വ്യക്തമാക്കി. സി.പി.ഐ അംഗം പി. സന്തോഷ് കുമാർ, സി.പി.എം അംഗം എളമരം കരീം എന്നിവർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന പേര് ഉപയോഗിക്കണമെന്ന് എൻ.സി.ഇ.ആർ.ടി സമിതി സർക്കാറിന് ശുപാർശ നൽകിയോ. ഇത്തരമൊരു ശുപാർശ സർക്കാർ പരിഗണിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചത്. ഭാരതമെന്ന പേരിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനു പിന്നിലെ നീതീകരണം എന്താണ്. ഇന്ത്യ-ഭാരത് എന്നീ രണ്ടു പേരുകൾക്കും തുല്യ പ്രാധാന്യം ഭരണഘടന വിഭാവനം ചെയ്യുമ്പോൾ ഭാരത് എന്ന പേരിന് കൂടുതൽ ഊന്നൽ നൽകുന്നതിന് എന്ത് നീതീകരണമാണുള്ളത് എന്നീ ചോദ്യങ്ങളാണ് രാജ്യസഭയിൽ ഉന്നയിച്ചത്. ഭരണഘടന ആർട്ടിക്കിൾ ഒന്ന് പ്രകാരം രാജ്യത്തിന്റെ പേര് ഇന്ത്യയായ ഭാരത് എന്നാണ്. രാജ്യത്തിന്റെ ഔദ്യോഗിക പേരായി ഇന്ത്യയെയും ഭാരതിനെയും ഭരണഘടന അംഗീകരിക്കുന്നു. അതിനാൽ രാജ്യത്തിന്റെ പേര് ഭാരതെന്നോ ഇന്ത്യയെന്നോ പരസ്പരം മാറ്റി ഉപയോഗിക്കാൻ കഴിയും. ഭരണഘടന മുന്നോട്ടു വെക്കുന്ന ഈ വികാരം ഉൾക്കൊണ്ടാണ് എൻ.സി.ഇ.ആർ.ടി പ്രവർത്തിച്ചത്. കോളനി വാഴ്ചക്കാലത്തെ മാനസികാവസ്ഥയിൽ നിന്നും പൊതുവിൽ മാറി ഇന്ത്യൻ ഭാഷകളിലുള്ള പേരുകൾ ഉപയോഗിക്കാനാണ് ഊന്നൽ നൽകുന്നത്. എൻ.സി.ഇ.ആർ.ടി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വതന്ത്ര സംവിധാനമാണ്. പ്രാദേശിക ഭാഷാ പ്രയോഗം മുൻ നിർത്തി ഭാരതമെന്ന പേരിന് ഊന്നൽ നൽകാനാകും എൻ സി ഇ ആർ ടിയും ശ്രമിക്കുകയെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു.

Latest News