രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട അശുതോഷ് എ.എ.പി വിട്ടു; കാരണം വ്യക്തിപരമെന്ന്‌

ന്യൂദല്‍ഹി- മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്  പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് പാര്‍ട്ടി വിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശുതോഷ് മാധ്യമപ്രവര്‍ത്തനം നിര്‍ത്തിയാണ് 2014ല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേസമയം രാജി സ്വീകരിക്കാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. 'താങ്കളുടെ രാജി എങ്ങനെ സ്വീകരിക്കും? ഒരിക്കലും അതു ചെയ്യില്ല,' കെജ്‌രിവാള്‍ ഒരു ട്വീറ്റിലൂടെ പറഞ്ഞു. അശുതോഷ് ട്വീറ്റിലൂടെയാണ് തന്റെ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതൃത്വ ഇതു സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ.എ.പിയുമായുള്ള ബന്ധം വിപ്ലവകരവും മനോഹരവുമായിരുന്നു. എല്ലാ യാത്രകള്‍ക്കും അവസാനമുണ്ടെന്ന പോലെ എന്റെ പാര്‍ട്ടി ബന്ധത്തിനും ഒരു അവസാനമുണ്ട്. എന്നെ പിന്തുണച്ച പാര്‍ട്ടിക്ക് നന്ദിയുണ്ട്,' അശുതോഷ് പറഞ്ഞു.

തന്റെ സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണമെന്നും ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും മറ്റൊരു ട്വീറ്റില്‍ അശുതോഷ് വ്യക്തമാക്കി. അശുതോഷ് സമയമെടുത്ത് തീരുമാനിച്ചുറപ്പിച്ചതാണ് ഈ രാജിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. അതേസമയം അശുതോഷിനെ അനുനയിപ്പിച്ച് പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന നേതാവ് സജ്ഞയ് സിങ് പറഞ്ഞു.

ജനുവരിയില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അശുതോഷിന്റെ രാജിക്കു പിന്നിലെന്നും അഭ്യൂഹമുണ്ട്. പാര്‍ട്ടിയുടെ മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നിലേക്ക് അശുതോഷിനെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്, ദല്‍ഹിയിലെ വ്യവസായി സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എന്‍ ഡി ഗുപ്ത എന്നിവരെയാണ് എ.എ.പി രാജ്യസഭയിലേക്കയച്ചത്. ഇതോടെ ഇടഞ്ഞു നിന്ന മറ്റൊരു മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് പാര്‍ട്ടി വിട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മത്സരിച്ച അശുതോഷ് ബിജെപി നേതാവ് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധനനോട് പരാജയപ്പെട്ടിരുന്നു.
 

Latest News