Sorry, you need to enable JavaScript to visit this website.

മണ്ണിന്റെ മഹത്വം, മണ്ണിന്റെ പുണ്യം


രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക, മരങ്ങൾ വെച്ചുപിടിപ്പിക്കുക, വനങ്ങൾ സംരക്ഷിക്കുക, കുന്നുകളും മരങ്ങളും ഇടിച്ചു നിരത്തുന്നത് ഒഴിവാക്കുക, ജൈവ വൈവിധ്യം നിലനിർത്തിക്കൊണ്ട് തന്നെ ബുദ്ധിപരമായി വികസനങ്ങൾ സാധ്യമാക്കുക, ഇവയെല്ലാം മണ്ണിന്റെയും മനുഷ്യന്റെയും നിലനിൽപിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അനേക കോടി സസ്യജന്തുജാലങ്ങളുടെ ജീവന്റെ തുടിപ്പ് നിലനിർത്തുന്ന ആവാസ വ്യവസ്ഥയാണ് മണ്ണ് എന്ന ബോധം ഉണ്ടാവണം.


ഐക്യരാഷ്ട്ര സഭ എല്ലാ ഡിസംബർ അഞ്ചിനും ലോക മണ്ണ് ദിനമായി ആചരിച്ചു പോരുന്നു. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മണ്ണ് ദിനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. കാരണം സർവ ജീവജാലങ്ങളുടെയും നിലനിൽപിനടിസ്ഥാനം തന്നെ മണ്ണാണല്ലോ. പ്രളയത്തിലൂടെയും മറ്റു പ്രകൃതിക്ഷോഭങ്ങൾ വഴിയും മണ്ണ് ഒലിച്ചു പോയിടങ്ങൾ കാണുമ്പോൾ അതിന്റെ ഗൗരവം എത്രത്തോളമാണെന്ന് മനസ്സിലാകും. മണ്ണിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികൾ സസ്യങ്ങൾക്ക് കരുത്തും ആരോഗ്യവും പോഷകങ്ങളും നൽകി സഹായിക്കുകയും പകരം സസ്യങ്ങൾ അവർക്ക് വേണ്ട സംരക്ഷണം നൽകുകയും ചെയ്യുന്നു എന്ന് കാണാൻ കഴിയും. മാലിന്യങ്ങളെല്ലാം വേർതിരിച്ച് ജീവജാലങ്ങൾക്ക് കുടിവെള്ളം നൽകുന്നതും ജീവിക്കാനാവശ്യമായ ആഹാരം നൽകുന്നതും മണ്ണാണ് എന്ന് ഓർമിപ്പിക്കാതെ വയ്യ. അത് കൊണ്ട് തന്നെ പ്രളയം ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിക്ഷോഭങ്ങൾ ഒഴിവാക്കുന്നതിനും അതികഠിനമായ വരൾച്ച തടയുന്നതിനും കാലാവസ്ഥ മാറ്റങ്ങളെ ചെറുക്കുന്നതിനും വെള്ളത്തെ സംരക്ഷിക്കുന്നതിനും ഭക്ഷ്യവിളകൾ സുലഭമാക്കുന്നതിനും മണ്ണിനെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓർമിപ്പിക്കുകയാണ് മണ്ണ് ദിനം.
പ്രകൃതിനിയമങ്ങൾ അനുസരിച്ചാലുള്ള നേട്ടങ്ങൾ വളരെ വലുതാണ്.
അമിതമായ രാസവള പ്രയോഗം, രാസകീടനാശിനി പ്രയോഗം, വനനശീകരണം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, അശാസ്ത്രീയമായ കൃഷിരീതി, നഗരവത്കരണം, യന്ത്രവത്കരണം ഇവയെല്ലാം പ്രകൃതിയുടെയും മണ്ണിന്റെയും നാശത്തിന് എടുത്തു പറയത്തക്ക വലിയ കാരണമായിട്ടുണ്ട്. രാസവളത്തിന്റെയും രാസകീ  ടനാശിനികളടെയും ഉപയോഗം മണ്ണിന്റെ സ്വാഭാവികതയെ ഇല്ലാതാക്കി. മണ്ണിന്റെ നിലനിൽപിനാവശ്യമായ സൂക്ഷ്മജീവികളെയും മറ്റും നശിപ്പിച്ചു. ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത പാടെ നഷ്ടപ്പെടുത്തി. അതുകൊണ്ട് തന്നെ പണ്ടത്തെ പോലെ വിതറിയാൽ വാരിക്കൂട്ടാവുന്ന ഒരു വിളവെടുപ്പ് ഇന്നില്ല. അത് തിരിച്ചറിഞ്ഞ കർഷകർ മണ്ണിന്റെ ഫലപുഷ്ടിക്കായി പെടാപ്പാട് പെടുകയാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ട കർഷകരെയാണ് ഇതൊക്കെ കാര്യമായി ബാധിച്ചത്.
മണ്ണ് പലവിധ ഗുണമേന്മ ഉള്ളതാണ്. ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് ചെമ്മണ്ണിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളത് എക്കൽ മണ്ണാണ്.  മണ്ണിന്റെ സ്വാധീനത്തെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്ര ശാഖയാണ്  പെഡോളജി. 
രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, തണ്ണീർതങ്ങൾ സംരക്ഷിക്കുക, മരങ്ങൾ വെച്ചുപിടിപ്പിക്കുക, വനങ്ങൾ
സംരക്ഷിക്കുക, കുന്നുകളും മരങ്ങളും ഇടിച്ചു നിരത്തുന്നത് ഒഴിവാക്കുക, ജൈവ വൈവിധ്യം നിലനിർത്തിക്കൊണ്ട് തന്നെ ബുദ്ധിപരമായി വികസനങ്ങൾ സാധ്യമാക്കുക ഇവയെല്ലാം മണ്ണിന്റെയും മനുഷ്യന്റെയും നിലനിൽപിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അനേകം കോടി സസ്യജന്തുജാലങ്ങളുടെ ജീവന്റെ തുടിപ്പ് നിലനിർത്തുന്ന ആവാസ വ്യവസ്ഥയാണ് മണ്ണ് എന്ന അവ ബോധം ഉണ്ടാവണം. അത്ര കണ്ട് ഈ ഭൂമിയിലെ ജീവന്റെ നിലനിൽപിന് മണ്ണ് അത്യന്താപേക്ഷിതമാണ്. ലക്ഷക്കണക്കിന് വർഷങ്ങളെടുത്താണ് മണ്ണ് രൂപപ്പെടുന്നത്. ഒരു സെന്റിമീറ്റർ മണ്ണുണ്ടാവാൻ ഏകദേശം ആയിരം വർഷം എടുക്കും അനേകായിരം വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉരുകി തിളച്ചുകൊണ്ടിരിക്കുന്ന ഒരു ഗോളമായിരുന്നു.
കാലക്രമേണ അവ തണുത്ത പാറകളായി മാറി. പിന്നീട് പാറകൾക്ക് ഭൗതികവും രാസപരവുമായി നിരവധി മാറ്റങ്ങളുണ്ടായി. പ്രകൃതി ശക്തികളായ ചൂടും തണുപ്പും കാറ്റും മഞ്ഞും മഴയും ഇടിമിന്നലും ഭൂകമ്പങ്ങളും പാറകളിൽ ക്ഷതമേൽപിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി പാറകൾ സാവകാശം തകർന്ന് പൊടി പൊടിയായി മണ്ണുണ്ടായി. കാലാന്തരത്തിൽ അതിസൂക്ഷ്മവും ചെറുതും വലുതുമായി ധാരാളം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായി മാറി മണ്ണ്. ആരോഗ്യകരമായ ജീവസ്സുറ്റ മണ്ണിന്റെ നിലനിൽപിന് സൂക്ഷ്മജീവികളുടെ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് മണ്ണിന്റെ ഉത്ഭവത്തിൽ നിന്ന് തന്നെ തുടങ്ങുന്നു.
ഉറുമ്പുകൾ, പ്രാണികൾ, വണ്ടുകൾ, മണ്ണിരകൾ, തേരട്ടകൾ, ഷഡ്പദങ്ങൾ, എട്ടുകാലികൾ തുടങ്ങിയവയും സസ്യജാലങ്ങളും മണ്ണിനെ ചൈതന്യവത്താക്കുന്നു. തന്നിലേക്കിറങ്ങുന്ന എന്തിനെയും വലിച്ചെടുത്ത് ജീവികൾക്കാവശ്യമായതെല്ലാം കൊടുത്ത് പ്രകൃതിയെ നിലനിർത്തുന്ന അത്യപൂർവ സൃഷ്ടിയാണ് മണ്ണ്. 

Latest News