ചെന്നൈ നഗരം നിശ്ചലമായ ദിവസങ്ങളാണ് കടന്നു പോകുന്നത്. മിഷോംഗ് ചുഴലിക്കാറ്റാണ് നഗരവാസികൾക്ക് ദുരിതം സമ്മാനിച്ചത്. പല പേരുകളിലുമുള്ള ചുഴലിക്കാറ്റുകൾ നമുക്കിപ്പോൾ സുപരിചിതമാണ്. അടുത്തത് എവിടെയെന്ന ആശങ്കയോടെ നോക്കിയിരിക്കുകയാണ് മാനവരാശി.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി നേരത്ത് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ചെന്നതായിരുന്നു. ഈ സമയം തെരഞ്ഞെടുക്കാൻ പ്രത്യേകിച്ചൊരു കാരണമുണ്ട്. രാവിലെ 9 മുതൽ രാത്രി ഏഴ് വരെ റിസർവ് ചെയ്യാനുള്ള സൗകര്യം ലഭ്യമെങ്കിലും ഇതിൽ ഏറ്റവും തിരക്ക് കുറഞ്ഞ വേള അഞ്ചിനും ആറിനുമിടയിലാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇതേ സമയം റെക്കോർഡ് തിരക്കാണ് രണ്ടു കൗണ്ടറുകളിലും പ്രകടമായത്. മലയാളികളും നമ്മൾ ഭായിമാർ എന്നു വിളിക്കുന്ന ഉത്തരേന്ത്യയിൽ നിന്നെത്തിയ തൊഴിലാളികളും ക്യൂവിലുണ്ട്. എല്ലാവരുമെത്തിയത് നേരത്തേ ബുക്ക് ചെയ്ത ബെർത്തുകൾ റദ്ദാക്കാൻ. ട്രെയിനിന്റെ നിശ്ചിത പുറപ്പെടൽ സമയത്തിനും ഒരു ദിവസം മുമ്പ് റദ്ദാക്കിയാൽ ധനനഷ്ടമില്ലാതെ കാര്യം നടത്താം. ബിഹാർ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്കും നാട്ടിലേക്കുള്ള യാത്രയ്ക്ക് ചെന്നൈയിലെത്തണം. അവിടെ നിന്നാണ് കൊറമാണ്ഡൽ എക്‌സ്പ്രസിലും ഹൗറ മെയിലിലും ഈസ്റ്റ് കോസ്റ്റ് ട്രെയിനുകളിലും യാത്ര തുടരാനാവുക. ചെന്നൈ സെൻട്രലാണ് പ്രധാന ഗേറ്റ് വേ. കേരളത്തിലേക്കുള്ളതുൾപ്പെടെ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നൂറ്റിയൻപത് ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ചെന്നൈ നഗരത്തിലെ രണ്ട് പ്രധാന റെയിൽവേ ടെർമിനസുകളാണ് സെൻട്രലും എഗ്‌മോറും. രണ്ടിടത്തു നിന്നും കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു. കനത്ത മഴയെ തുടർന്ന് ചെന്നൈ ബേസിൻ ബ്രിഡ്ജിനും വ്യാസർപടിക്കും ഇടയിലെ പാലത്തിൽ വെള്ളം ഉയർന്നതിനാലാണ് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ്, മംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്‌മോർ എക്‌സ്പ്രസും റദ്ദാക്കി. ചെന്നൈയിൽനിന്ന് പുറപ്പെടേണ്ടതും ചെന്നൈയിലേക്ക് വരുന്നതുമായ മറ്റു ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ചില സർവീസുകൾ മറ്റു ട്രെയിനുകളുടെ റേക്ക് ഉപയോഗിച്ച് കാട്പാടി, ആർക്കോണം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽനിന്നും സർവീസ് നടത്തി. ചെന്നൈയിൽനിന്നുള്ള 20 വിമാന സർവീസുകളും റദ്ദാക്കി. ചില വിമാനങ്ങൾ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു.
ചെന്നൈ നഗരവാസികൾ മറക്കാനാവാത്ത ദിനമായി തിങ്കളാഴ്ച മാറി. പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് നഗരത്തിൽ വെള്ളം ഉയർന്ന് ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ഗതാഗത സംവിധാനങ്ങൾ താറുമാറായി. വൈദ്യുതി വിതരണം നിലച്ചു. 2015-ലെ വെള്ളപ്പൊക്കത്തിന് ശേഷമുള്ള ഏറ്റവും വലിയ മഴയ്ക്കാണ് ചെന്നൈ നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. അതിനൊപ്പം ഇന്റർനെറ്റും ലഭ്യമല്ലാതായി. 2015 ലെ പ്രളയ കാലത്ത് ബി.എസ്.എൻ.എൽ മൊബൈൽ മാത്രമാണ് ഉപഭോക്താക്കൾക്ക് കിട്ടിയിരുന്നത്. പൊതുമേഖല സ്ഥാപനം നിലനിന്നതിന്റെ ഗുണം.
തമിഴ്‌നാട്ടിലെ ഏഴു ജില്ലകളിലാണ് പേമാരിയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത്. ചെന്നൈയിൽ മാത്രം എട്ട് പേർ മരിച്ചു. നൂറുകണക്കിന് മലയാളികൾ അടക്കം ലക്ഷക്കണക്കിന് ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ കുടുങ്ങി. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ ഒലിച്ചുപോയി. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങി. 47 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ തിങ്കളാഴ്ച ലഭിച്ചത്. ഞായറാഴ്ച മുതൽ പെയ്യുകയായിരുന്നു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, വിഴുപുറം, തിരുവണ്ണാമലൈ, റാണിപ്പെട്ട് ജില്ലകളിലാണ് പേമാരി. നഗരത്തിൽ വടപളനി, താംബരം ഉൾപ്പെടെ മിക്കയിടത്തും വീടുകളിൽ വെള്ളം കയറി. സബ്വേകളും അടിപ്പാലങ്ങളും മുങ്ങി. ഗതാഗതം പൂർണമായും സ്തംഭിക്കുകയുണ്ടായി. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. മറീനയിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡ് കെട്ടി അടക്കുകയായിരുന്നു.
മലയാളി സെലിബ്രിറ്റികളും ചെന്നൈയിലെ പേമാരിയിൽ കഴിഞ്ഞ ദിവസം പെട്ടിരുന്നു. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മഹാബലിപുരത്തായിരുന്ന ഹരിഷ് പേരടി മഴയത്ത് വിമാനത്താവളത്തിലെത്തിയപ്പോഴാണ് എയർപോർട്ട് നിശ്ചലമായതറിഞ്ഞത്. അടുത്ത ഹോട്ടലിൽ താമസിക്കുകയായിരുന്നു. നടി ഷീലയും കനിമൊഴി എം.പിയും നേരിട്ട അനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഉയരത്തിലെ ഫഌറ്റായതിനാൽ ഭയമില്ലെന്ന് പറഞ്ഞ ഷീല വൈദ്യുതി മുടങ്ങിയതിനാൽ മെഴുകുതിരി വെട്ടത്തിലാണ് കഴിയുന്നതെന്നും കുറിച്ചു. നടൻ റഹ്മാനാണ് പ്രളയ ജലത്തിൽ ഒലിച്ചു പോയ കാറുകളുടെ വീഡിയോ ഷെയർ ചെയ്തത്. ഏതാനും വർഷം മുമ്പ് ജിദ്ദയിലുണ്ടായ മിന്നൽ പ്രളയത്തെ ഓർമിപ്പിക്കുന്നതായി ഈ ദൃശ്യങ്ങൾ. മിഷോംഗ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ് വീഡിയോ. ഒരു ഫ്‌ളാറ്റിന് താഴെ പാർക്ക് ചെയ്ത കാറുകൾ മഴ വെളളത്തിൽ ഒലിച്ചു പോവുന്ന വീഡിയോയാണിത്. ചെന്നൈ പള്ളിക്കരണൈയിൽ നിന്നുള്ള ദൃശ്യമാണിത്.
തമിഴ് നടൻ വിശാൽ അൽപം കൂടി രൂക്ഷമായാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു വിശാലിന്റെ പ്രതികരണം. താൻ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കൽപിക്കാവുന്നതേയുള്ളൂവെന്നും താരം ചൂണ്ടിക്കാട്ടി. താൻ പറയുന്നത് രാഷ്ട്രീയമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞ വിശാൽ എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെക്കൊണ്ട് ചോദിപ്പിക്കരുതെന്നും വ്യക്തമാക്കി.
മേയറെ പേരെടുത്ത് പറഞ്ഞാണ് വിശാലിന്റെ വിമർശനം തുടങ്ങുന്നത്. പ്രിയപ്പെട്ട ചെന്നൈ മേയർ പ്രിയ രാജനും കോർപറേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാൻ. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസ്സങ്ങൾ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടർ എന്ന നിലയിൽ അന്വേഷിച്ചതാണ് -വിശാൽ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങൾ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എം.എൽ.എമാരെ രക്ഷാപ്രവർത്തന രംഗത്ത് സജീവമായി കണ്ടാൽ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോൾ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ലെന്നും വിശാൽ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. നിങ്ങൾ ജീവിക്കുന്ന അതേ നഗരത്തിലുള്ള മറ്റു പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്ക് വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ? 2015 ൽ രക്ഷാപ്രവർത്തനവുമായി ഞങ്ങളെല്ലാം തെരുവിൽ ഇറങ്ങിയിരുന്നു. എട്ട് വർഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ഖേദകരമാണെന്നും വിശാൽ ചൂണ്ടിക്കാട്ടി. ഇത് ചെന്നൈ കോർപറേഷന്റെ മാത്രം കാര്യമല്ല. എല്ലായിടത്തും സ്വയം നന്നാവുന്നവർ ഭരിച്ച് തകർക്കുകയല്ലേ.
ചെന്നൈ നഗരം നിശ്ചലമായ ദിവസങ്ങളാണ് കടന്നു പോകുന്നത്. മിഷോംഗ് ചുഴലിക്കാറ്റാണ് നഗരവാസികൾക്ക് ദുരിതം സമ്മാനിച്ചത്. പല പേരുകളിലും ചുഴലിക്കാറ്റുകൾ നമുക്കിപ്പോൾ സുപരിചിതമാണ്. അടുത്തത് എവിടെയെന്ന ആശങ്കയോടെ നോക്കിയിരിക്കുകയാണ് മാനവരാശി. മറ്റൊരു ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നവും ലോകം അഭിമുഖീകരിക്കുന്നുണ്ട്. സമുദ്ര നിരപ്പ് സംബന്ധിച്ചാണത്.