തിരുവനന്തപുരം - ക്രിസ്മസിനോടനുബന്ധിച്ച് ആർ.എസ്.എസുകാർ ക്രിസ്ത്യൻ വീടുകളിൽ പോകുന്നതിൽ തെറ്റില്ലെങ്കിലും അതിന് മുമ്പേ അവർ ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം.എ ബേബി.
സമൂഹത്തിലെ വിവിധതരം മനുഷ്യരെ സന്ദർശിക്കുന്നതിലൂടെ, അവരുമായി ഇടപഴകുന്നതിലൂടെ സ്വന്തം മതത്തിൽ പെടാത്തവരും തങ്ങളെത്തന്നെ പോലുള്ള മനുഷ്യരാണെന്ന് ആർ.എസ്.എസുകാർ മനസ്സിലാക്കുന്നത്, അതിനവർക്കു കഴിയുമെങ്കിൽ, നല്ലതാണ്. പക്ഷേ, എന്തുകൊണ്ടാണിവർ ക്രിസ്ത്യാനികളുടെ വീടുകളിൽ മാത്രം പോകുന്നത്? മതാടിസ്ഥാനത്തിലേ 'സ്‌നേഹയാത്ര' നടത്തൂവെങ്കിൽ ആർ.എസ്.എസുകാർ ആദ്യം പോകേണ്ടത് മുസ്‌ലിംകളുടെ വീടുകളിലേക്കാണ്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടലിലും ഭീതിയിലും ആക്കിയത് നിങ്ങളാണ്. അതിനാൽ, അവരുടെ ഭവനങ്ങളിലേക്ക് ആത്മാർത്ഥതയോടെയുള്ള ഒരു സ്‌നേഹയാത്ര നടത്തി മാപ്പ് പറയണമെന്നും അദ്ദേഹം എഫ്.ബിയിൽ ഓർമിപ്പിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ആർഎസ്എസിൻറെയും ബിജെപിയുടെയും മനസ്സിൽ വർഗീയവിഭജനം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ക്രിസ്തുമസ് കാലത്ത് കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വീടുകളിലും ഈ ആർഎസ്എസുകാർ ചെല്ലും എന്നാണ് അവർ പറയുന്നത്.
ആർഎസ്എസുകാർ ക്രിസ്ത്യാനികളുടെ വീടുകളിൽ പോകുന്നതിൽ തെറ്റൊന്നും ഇല്ല. സമൂഹത്തിലെ വിവിധതരം മനുഷ്യരെ സന്ദർശിക്കുന്നതിലൂടെ, അവരുമായി ഇടപഴകുന്നതിലൂടെ സ്വന്തം മതത്തിൽ പെടാത്തവരും തങ്ങളെത്തന്നെ പോലുള്ള മനുഷ്യരാണെന്ന് ആർഎസ്എസുകാർ മനസ്സിലാക്കുന്നത് , അതിനവർക്കുകഴിയുമെങ്കിൽ , നല്ലതാണ്.
പക്ഷേ, എന്തുകൊണ്ട് ക്രിസ്ത്യാനികളുടെ വീടുകളിൽ മാത്രം പോകുന്നു? മതാടിസ്ഥാനത്തിലേ 'സ്‌നേഹയാത്ര' നടത്തൂ എങ്കിൽ ആർഎസ്എസുകാർ ആദ്യം പോകേണ്ടത് മുസ്ലിങ്ങളുടെ വീടുകളിലേക്കാണ്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടലിലും ഭീതിയിലും ആക്കിയത് നിങ്ങളാണ്. അവരുടെ ഭവനങ്ങളിലേക്ക് ആത്മാർത്ഥതയോടെയുള്ള ഒരു സ്‌നേഹയാത്ര നടത്താമോ? അവിടെ ചെന്ന് മാപ്പ് പറയാമോ? എന്നിട്ട് വേണം ക്രിസ്ത്യാനികളുടെ വീടുകളിൽ പോയി മതവിശ്വാസത്തിന്റെ പേരിൽ എന്തുകൊണ്ട് ക്രിസ്ത്യാനികളെ ആക്രമിക്കുന്നു എന്ന് പറയുക. നിങ്ങളുടെ ആചാര്യനായ ഗോൾവർക്കർ എഴുതിയ നിങ്ങളുടെ വേദപുസ്തകമായ വിചാരധാരയിൽ ഇന്ത്യയ്ക്ക് മൂന്ന് ആഭ്യന്തരശത്രുക്കൾ ആണുള്ളത് മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്ന് എഴുതിയതനുസരിച്ചാണ് ഇത്രയും കാലം ഈ മൂന്നു കൂട്ടരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചത് എന്നത് വിശദീകരിക്കണം.
ഈ പുസ്തകത്തിൽ ക്രിസ്ത്യൻ മിഷനറിമാരെ ചോരകുടിയന്മാർ എന്ന് എഴുതിയതിന് മാപ്പുചോദിക്കണം. ഗോൾവർക്കർ മാത്രമല്ല ഇന്നത്തെയും ആർഎസ്എസ് നേതാക്കൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ വർഗീയവിഷം വമിക്കുന്ന പ്രസ്താവനകൾ പിൻവലിക്കുന്നു എന്ന് പറയണം. ഒറീസയിലെ കന്ധമാലിൽ ക്രിസ്ത്യാനികളെ ചുട്ടെരിച്ചതു മുതൽ,
ഫാ. സ്റ്റാൻസാമിയെ തടവിലിട്ട് പീഡിപ്പിച്ച് കൊന്നതിനും ഉത്തരേന്ത്യയിൽ എങ്ങും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചും മണിപ്പൂരിൽ വംശീയകലാപത്തിന് തീകൊളുത്തിയതിനും വിശദീകരണം നല്കണം.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ആയി കേരളസമൂഹത്തെ വിഭജിക്കാനുള്ള ശ്രമം ആണ് ആർഎസ്എസിൻറെ ക്രിസ്ത്യാനിസ്‌നേഹനാട്യം. ഇത് കേരളത്തിൽ വിലപ്പോവില്ല എന്ന് ആവർത്തിച്ച് പറയട്ടെ.