എന്നെ വിളിച്ചു വരുത്തി അപമാനിച്ചു, ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ ആരോപണവുമായി സംവിധായകന്‍ ജിയോ ബേബി

കോഴിക്കോട് - പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് വരുത്തിയ ശേഷം പരിപാടി പെട്ടെന്ന് റദ്ദ് ചെയ്ത ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ ആരോപണവുമായി സംവിധായകന്‍ ജിയോ ബേബി. സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതിലാണ് ജിയോ ബേബി പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് ഇത് റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ അറിയിക്കുന്നതെന്ന് ജിയോ ബേബി സോഷ്യല്‍മീഡിയ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. തന്റെ ചില പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ സ്റ്റുഡന്റ്‌സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും അതിനാലാണ് പരിപാടി റദ്ദാക്കിയതെന്നുമാണ് ജിയോ ബേബി പറയുന്നത്. താന്‍ അപമാനിതനായി. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
സോഷ്യല്‍മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്നു മാറ്റി വെയ്ക്കാന്‍ കാരണമെന്തെന്ന് അറിയാനായി പ്രിന്‍സിപ്പാലിന് മെയില്‍ അയച്ചെന്നും വാട്‌സ്ആപ്പിലും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സംവിധായകന്‍ പറയുന്നു. തനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് പ്രതിഷേധിക്കുന്നതെന്നും ജിയോ ബേബി വീഡിയോയില്‍ പറയുന്നു.

 

Latest News