Sorry, you need to enable JavaScript to visit this website.

മുസ്‌ലിം സംഘടനകളുടെ ബാഹ്യഘടന 'പുരോഗമന'പരമെങ്കിലും ആന്തരികഘടന പൂതലിച്ചുതന്നെ!

- എം.എൽ.എഫ് സംഘാടകരേ അഭിനന്ദനങ്ങൾ....നിങ്ങളെ കാലം ഓർത്തുവെക്കും

 മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിച്ചില്ല. തീർച്ചയായും അത് വലിയ ഒരു നഷ്ടമാണെന്ന് അതേകുറിച്ചുള്ള വാർത്തകളും വിമർശങ്ങളും കേൾക്കുമ്പോൾ തോന്നുന്നു.

മലബാറിന്റെയും മാപ്പിള പാരമ്പര്യത്തിന്റെയും പൈതൃകത്തിൽ നിന്നുകൊണ്ട്, ബഹുസ്വരതയെ ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ഒരു സാഹിത്യ ഉത്സവം എന്നതിലേറെ അതിന്ന് പുറകിൽ പ്രവർത്തിക്കുന്ന മതാത്മകതയുടെ പരിവർത്തന ദിശയാണ് ഏറെ ശ്രദ്ധേയമായ ഘടകം.

കേരളത്തിലെ പാരമ്പര്യ സുന്നികളിലെ ഒരുവിഭാഗം നടത്തിവരുന്ന ദാറുൽ ഹുദ എന്ന മത കലാലയത്തിൽ നിന്ന് പഠിച്ച് പുറത്തിറങ്ങിയ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ സാഹിത്യ ഉത്സവത്തിന്റെ ചാലക ശക്തി. പൊതുസമൂഹം പൊതുവിൽ 'യാഥാസ്ഥിതിക മുസ്‌ലിംകൾ' എന്ന് മുൻവിധിയോടെ കാണുന്ന യുവ പണ്ഡിതന്മാരാണ് അക്കാദമികവും സർഗാത്മകവുമായ ഒരു പുതിയ ഭാവുകത്വത്തിന്ന് മലയാളത്തിൽ തുടക്കം കുറിക്കുന്നത് എന്നത് ആഹ്ലാദകരമാണ്.

സത്യത്തിൽ ഈ സ്ഥാപനത്തിന്റെ ശിൽപ്പികൾക്ക് അഭിമാനിക്കാനും തങ്ങളുടെ ദൗത്യം സഫലമായി എന്ന് ആശ്വസിക്കാനും അവസരം നൽകുന്നതായിരുന്നു എം എൽ എഫ്. എന്നാൽ അതിന്ന് നേരെ വിപരീതമായി, ഈ പരിപാടിയുടെ പേരിൽ തങ്ങൾ അപമാനിതരായതായി ദാറുൽ ഹുദ സ്ഥാപന മേധാവികൾക്ക് തോന്നാൻ കാരണമെന്താണ്? ഈ പരിപാടിയെ പരസ്യമായി തള്ളിപ്പറയാൻ അവർ മുന്നോട്ട് വന്നത് എന്തുകൊണ്ടാണ്?

ഈ ആലോചന, കേരളത്തിലെ മുസ്‌ലിം സമുദായ സംഘടന വിഭാഗങ്ങളെ വരിഞ്ഞ് മുറുക്കിയ മൗലികമായ പ്രതിസന്ധിയെയാണ് തുറന്നു കാട്ടുന്നത്. ബാഹ്യഘടന അതി മനോഹരവും സാങ്കേതികത്തികവുള്ളതും 'പുരോഗമന'പരവുമായി തോന്നിക്കുന്ന മുസ്‌ലിം സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആന്തരികഘടന ഇന്നും പൂതലിച്ച് തന്നെ കിടക്കുകയാണ്. അവ കാതലായ മാറ്റങ്ങളെ ഭയക്കുന്നു. പുതിയ ശാസ്ത്രങ്ങളും ടെക്‌നോളജിയും ഉപകരണങ്ങളും ഉപയോഗിച്ച് പഴഞ്ചൻ ചിന്തകൾ സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം.

എം എൽ എഫിനെ സമസ്തയുടെ നേതൃത്വത്തിന്ന് അംഗീകരിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? ഈ പരിപാടി ജനാധിപത്യപരമായ സംവാദ മണ്ഡലത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നത് കൊണ്ടാണ്; ആൺ-പെൺ വിവേചനത്തിനെ ചെറുതായെങ്കിലും നിരാകരിക്കുന്നതാണ് ഇതിന്റെ സംഘാടന രീതി എന്നത് കൊണ്ടാണ്; സംഘടനാപരമായ സങ്കുചിതത്വത്തിനപ്പുറം അക്കാദമികമായ വിശാലതക്ക് ഇടം നൽകുന്നു എന്നത് കൊണ്ടാണ്. 

അക്കാദമികമായ ജനാധിപത്യത്തിന്റെ ശുദ്ധവായു അനുഭവിച്ചുവരുന്ന, ലോകത്തിന്റെയും കാലത്തിന്റെയും മാറ്റങ്ങളെ ഉൾക്കൊള്ളാതെ മുന്നോട്ട് പോകാൻ സാധ്യമല്ലെന്ന് ചിന്തിക്കുന്ന, അക്ഷര വായനയിൽ അള്ളിപ്പിടിച്ച് കാലം കഴിക്കുകയല്ല മതസംഘടനകൾ ചെയ്യേണ്ടത് എന്ന് ബോധ്യമുള്ള, വളർന്ന് വരുന്ന തലമുറയെ കുറിച്ചുള്ള പ്രതീക്ഷയാണ് ഈ ഫെസ്റ്റിവൽ നൽകുന്നത്. 
 ഇങ്ങനെയൊക്കെ തന്നെയാണ് സമുദായങ്ങൾ മാറുന്നത്, പരിവർത്തനങ്ങൾ ഉണ്ടാകുന്നത്. നിങ്ങളെ കാലം ഓർത്തു വെക്കും. എം എൽ എഫ് സംഘാടകർക്ക് അഭിനന്ദനങ്ങൾ.

Latest News