ന്യൂദല്‍ഹി - ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂ. ഡിസംബര്‍ 13നോ അതിനുമുമ്പോ പാര്‍ലമെന്റ് ആക്രമിക്കപ്പെടുമെന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ഭീഷണിയെ തുടര്‍ന്ന് ദല്‍ഹി പൊലീസ് അതീവ ജാഗ്രതയിലാണ്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികമാണ് ഡിസംബര്‍ 13ന്. 'ദല്‍ഹി ഖാലിസ്ഥാന്‍ ആകും' എന്ന പേരിലാണ് വീഡിയോ സന്ദേശം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അടിത്തറ ഇളക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പന്നൂ പറയുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും അതിന് പകരമായാണ് പാര്‍ലമെന്റ് ലക്ഷ്യമിടുന്നതെന്നും പന്നു പറയുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂവിന്റെ പുതിയ സന്ദേശം. ഭീഷണിയെ തുടര്‍ന്ന് ദല്‍ഹി പൊലീസ് പാര്‍ലമെന്റിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.