ഭോപ്പാല്‍ - തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതില്‍ ഹൈക്കമാന്‍ഡ് നേരില്‍ അതൃപ്തി അറിയിച്ചു. വോട്ടെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് കമല്‍നാഥ് രംഗത്തുവന്നിരുന്നു. മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്ന ആരോപണവുമായി കമല്‍നാഥ് രംഗത്ത് വന്നത്. ജയിച്ചവരും തോറ്റവരും ആയ സ്ഥാനാര്‍ത്ഥികളുമായി താന്‍ ചര്‍ച്ച നടത്തിയെന്നും, ചിലര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ പോലും 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു.